ഇന്ത്യയിൽനിന്ന് ന്യൂയോര്‍ക്കിലേക്ക് അനധികൃതമായി കടത്തിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കള്‍ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിരിച്ചെത്തുന്നു. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആര്‍ട്ടി(മെറ്റ്)ല്‍ സൂക്ഷിച്ചിരിക്കുന്ന 15 പുരാവസ്തുക്കളാണ് ന്യൂയോര്‍ക്ക് സുപ്രീംകോടതിയുടെ ഇടപെടലിൽ ഇന്ത്യയിലെത്തുന്നത്.
ടെറാക്കോട്ട , ഇരുമ്പ്, ചെമ്പ്, കല്ല് എന്നിവയില്‍ നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള 15 പുരാവസ്തുക്കളാണ് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്
മധ്യപ്രദേശില്‍നിന്നുള്ള ദേവതാ വിഗ്രഹം, പശ്ചിമ ബംഗാളില്‍നിന്നുള്ള യക്ഷി വിഗ്രഹം എന്നിങ്ങനെ ടെറാക്കോട്ട, ഇരുമ്പ്, ചെമ്പ്, കല്ല് എന്നിവയില്‍ നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള 15 പുരാവസ്തുക്കളാണ് ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരുന്നത്. ഇവ ഏകദേശം 9.87 കോടി രൂപ വിലമതിക്കുന്നവയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തമിഴ്‌നാട് ജയില്‍ കഴിയുന്ന കള്ളക്കടത്തുകാരനായ സുഭാഷ് കപൂറാണ് ഈ പുരാവസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് കടത്തിയത്. ജര്‍മനിയില്‍ പിടിയിലായ ഇയാളെ തമിഴ്‌നാട് പോലീസിന് കൈമാറുകയായിരുന്നു. സുഭാഷിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുരാവസ്തുക്കള്‍ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി വ്യക്തമായത്.
10 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട സുഭാഷ് കപൂർ തിരുച്ചി സെന്‍ട്രല്‍ ജയിലിലാണിപ്പോൾ. അനധികൃതമായി സ്വത്ത് കൈവശം വയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
പുരാവസ്തുക്കള്‍ മെറ്റിലേക്ക് കെെമാറിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 22നു ന്യൂയോര്‍ക്ക് സുപ്രീംകോടതി സെര്‍ച്ച് വാറന്റ് പുറപ്പെടവിച്ചിരുന്നു. അനധികൃതമായി കണ്ടെത്തിയ പുരാവസ്തുക്കള്‍ കണ്ടുകെട്ടാനും കാലതാമസം കൂടാതെ കോടതി മുമ്പാകെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഇതിനായി പത്ത് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്.
ഇതിനു പിന്നാലെ മാര്‍ച്ച് 30നു പുരാവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മെറ്റ് പുറത്തിറക്കി. ഇന്ത്യയില്‍നിന്ന് അനധികൃതമായി കടത്തിയ 15 പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തുടർന്ന് പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നൽകാൻ തീരുമാനമുണ്ടായത്.
ഇത്തരത്തില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ അനധികൃതമായി എത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് മെറ്റ് അറിയിച്ചു. നിലവില്‍ ഇന്ത്യയുമായി നല്ല ബന്ധമാണ്. അതിനാല്‍ ഇത്രയേറെ ഗൗരവമുള്ള വിഷയത്തെ മികച്ച രീതിയില്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മെറ്റ് കൂട്ടിച്ചേര്‍ത്തു.