ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലാദ്യമായി പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് ഭൂരിപക്ഷം. സ്പീക്കറായിരുന്ന പുരുഷ അംഗം ട്രെവര്‍ മല്ലാര്‍ഡ് ന്യൂസിലന്‍ഡ് അംബാസഡറായി അയർലന്റില്‍ പോയതോടെയാണ് ഈ ചരിത്രനേട്ടം കൈവരിക്കാനായത്. തുടർന്ന് സ്പീക്കറായി ലിബറല്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സോറയ പെകെ മേസണ്‍ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ പാര്‍ലമെന്റില്‍ 59 പുരുഷന്മാരും 60 സ്ത്രീകളുമാണ് ഉള്ളത്. ഇതോടെ പാര്‍ലമെന്റില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡും സ്ഥാനം നേടിയിരിക്കുകയാണ്. ക്യൂബ, മെക്‌സിക്കോ, നിക്കരാഗ്വ, റുവാണ്ട, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് 50 ശതമാനത്തിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളിച്ച് ഭരണം നടത്തുന്ന രാജ്യങ്ങള്‍.
സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കുന്ന രാജ്യമാണ് ന്യൂസിലന്‍ഡ്
സ്ത്രീ പ്രാതിനിധ്യത്തിന്റെ ചരിത്രം
ഭരണത്തിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ന്യൂസിലന്‍ഡിന് വലിയ പാരമ്പര്യമുണ്ട്. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയ രാജ്യമാണ് ന്യൂസിലന്‍ഡ്. 1893 ല്‍ തന്നെ ന്യൂസിലന്‍ഡിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചിരുന്നു. നിലവിലെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ രാജ്യത്ത് മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. ഇതിന് പുറമേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതല്‍ ഗവര്‍ണര്‍ ജനറലുള്‍പ്പെടെ രാജ്യത്തെ പല ഉന്നത പദവികളും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. ന്യൂസിലന്‍ഡിലെ അധോസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. 33 വനിതാ അംഗങ്ങളാണ് നിലവില്‍ അധോസഭയില്‍ ഉള്ളത്. അതായത് മൊത്തം വനിതാ എംപിമാരുടെ എണ്ണം 114 ആയി ഉയര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷം 15ാമത്തെയും 16ാമത്തെയും ഉപരിസഭയിലാണ് സ്ത്രീ പ്രാതിനിധ്യത്തില്‍ വര്‍ധന ഉണ്ടാകുന്നത്.
നിലവിലെ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ രാജ്യത്തെ മൂന്നാമതായി അധികാരമേല്‍ക്കുന്ന വനിതാ പ്രധാനമന്ത്രിയാണ്
മറ്റ് രാജ്യങ്ങളിലെ സ്ത്രീ പ്രാതിനിധ്യം
ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ ഡാറ്റയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റുവാണ്ടയിലെ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം ഏകദേശം 61.3 ശതമാനമാണ്. 1994 ലെ റുവാണ്ടന്‍ വംശഹത്യയുടെ ഇരകളെല്ലാം സ്ത്രീകളും കുട്ടികളുമായിരുന്നു. സംഭവം നടന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നതിന് മുന്‍പ് തന്നെ രാജ്യം ഈ നേട്ടം കൈവരിച്ചു എന്നതും പ്രശംസനീയമാണ്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് വംശഹത്യയില്‍ കൊല്ലപ്പെട്ടത്. ക്യൂബയാണ് സ്ത്രീകള്‍ക്ക് 50 ശതമാനത്തിലധികം പ്രാതിനിധ്യം നല്‍കുന്ന മറ്റൊരു രാജ്യം. അധോസഭയില്‍ 53.4 ശതമാനത്തോളം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ക്യൂബയിലുണ്ട്. 50.6 ശതമാനത്തോളം പ്രാതിനിധ്യം നല്‍കി നിക്കരാഗ്വ മൂന്നാം സ്ഥാനത്തും 50 ശതമാനം പ്രാതിനിധ്യം നല്‍കി മെക്‌സിക്കോയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും പട്ടികയില്‍ പിന്നാലെയുണ്ട്.