WORLD

ആഭ്യന്തരയുദ്ധ ഭീതിയില്‍ നൈജര്‍; കുടുങ്ങിക്കിടക്കുന്നത് മലയാളികളുള്‍പ്പെടെ മുന്നൂറിലധികം ഇന്ത്യക്കാര്‍

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അട്ടിമറി പക്ഷ നേതാക്കള്‍

വെബ് ഡെസ്ക്

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ നൈജറില്‍ കുടുങ്ങിക്കിടക്കുന്നത് 350 ഓളം ഇന്ത്യക്കാര്‍. സൈനിക അട്ടിമറിക്ക് പിന്നാലെ കലാപം അതിരൂക്ഷമായതോടെ രാജ്യത്ത് നിന്നും വിദേശ പൗരന്‍മാര്‍ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങി. എന്നാൽ ഇന്ത്യക്കാരും കുറച്ച് തുർക്കി പൗരന്മാരും മാത്രമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് നൈജറില്‍ നിന്നും മലപ്പുറം സ്വദേശിയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എന്നാല്‍ റഷ്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായാല്‍ സാഹചര്യങ്ങള്‍ രൂക്ഷമായേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളും കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് നിലവില്‍ രാജ്യത്തുള്ളത്. ഇന്ത്യയുടെ രക്ഷാദൗത്യത്തിനായി കാത്തിരിക്കുകായിരുന്നു ഇത്രയും സമയം. തിങ്കളാഴ്ച്ചയോടെ സമീപ രാഷ്ട്രമായ ബെനീനിലേക്ക് നീങ്ങാനാണ് പദ്ധതി. എന്നാല്‍ 900 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തേയ്ക്കുള്ള യാത്ര തീര്‍ത്തും അപകടകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കലാപം ശക്തമാകുന്ന സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍നിന്ന് ഇന്ത്യക്കാര്‍ മടങ്ങിവരണമെന്ന് നേരത്തെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ നൈജര്‍ വ്യോമപാതകള്‍ അടച്ചതിനാല്‍ കരമാര്‍ഗം മാത്രമേ യാത്ര ചെയ്യാനാവൂ. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് കുടുങ്ങിക്കിടക്കുന്നവരുടെ പ്രതികരണം പുറത്തുവരുന്നത്. അതേസമയം, നൈജറില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

അതേസമയം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അട്ടിമറി പക്ഷ നേതാക്കള്‍. രാജ്യദ്രോഹ നടപടികള്‍ക്കും രാജ്യത്തിന്റെ സുരക്ഷയെ തുരങ്കം വച്ചതിനും മുഹമ്മദ് ബസൂമിനെ 'പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാക്കുമെന്നാണ് സര്‍ക്കാരിനെ അട്ടിമറിച്ച പക്ഷത്തിന്റെ നിലപാട്. ഇതിനിടെ സര്‍ക്കാരിനെ പുറത്താക്കിയതിന് പിന്നാലെ സൈനിക ജനറല്‍ അബ്ദൗറഹ്‌മാന്‍ ചിയാനി നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ചിരുന്നു.

അധികാരഭ്രഷ്ടരായ പ്രസിഡന്റിനും അദ്ദേഹത്തിന്റെ പ്രാദേശിക, വിദേശ കൂട്ടാളികളെയും ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചതായി നിലവിലെ ഭരണകൂടം വ്യക്തമാക്കുന്നു. അട്ടിമറിക്ക് പിന്നാലെ മകനും ഭാര്യക്കുമൊപ്പം പ്രസിഡന്‍ഷ്യല്‍ വസതിയിലാണ് ബസൂം തടവില്‍ കഴിയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ