ഗാസയിലെ ആരോഗ്യ സംവിധാനങ്ങളെ ഉള്‍പ്പെടെ പാടെ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം പുരോഗമിക്കുമ്പോള്‍ അടിസ്ഥാന ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ പോലും ലഭ്യമാകാതെ ജനങ്ങള്‍. ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ട ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയവപോലും തീര്‍ത്തും അനാരോഗ്യകരമായ അവസ്ഥയിലാണ് ഗാസയില്‍ നടക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാതാവിന്റെ വാക്കുകളിലൂടെയാണ് ബിബിസി ഗാസയിലെ ആരോഗ്യ മേഖല കടന്നുപോകുന്ന ഭീകരാവസ്ഥ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത്. ബോംബാക്രമണത്തിനും സൈനിക നടപടിയ്ക്കും ഇടെയാണ് പ്രസവ വേദനയുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ വച്ച് മാസം തികയാതെ തന്നെ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കി. എന്നാല്‍ ആശുപത്രിയില്‍ ഈ സമയം അനസ്‌തേഷ്യാ മരുന്നുകളോ വേദനാ സംഹാരികളോ പോലും ഉണ്ടായിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. ഗാസയിലെ ഏതൊരു വ്യക്തിയെയും പോലെതന്നെ കഴിഞ്ഞ ദിവസം പിറന്നു വീണ ഈകുട്ടികളുടെ ഭാവിയും ഏതുനിമിഷവും അപകടത്തിലാകുമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഗാസയിലെ മാതാവ് ബിബിസിയോട് പ്രതികരിച്ചു. ഇത്തരത്തില്‍ ആയിരങ്ങളാണ് ഗാസയില്‍ യുദ്ധക്കെടുതി ഏറ്റുവാങ്ങിക്കഴിയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗാസയില്‍ ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്ന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ഗാസയിലെ ആരോഗ്യസംവിധാനങ്ങള്‍ പാടെ തകര്‍ന്നുകിടക്കുന്ന സാഹചര്യം മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതും പകര്‍ച്ചവ്യാധികളുടെ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.