ജപ്പാനിലെ യുദ്ധാനന്തര ഭീകരതയെക്കുറിച്ചും അംഗപരിമിതി നേരിട്ട മകനെക്കുറിച്ചും എഴുതി ലോകശ്രദ്ധയാകർഷിച്ച നൊബേൽ സമ്മാനജേതാവായ ജാപ്പനീസ് നോവലിസ്റ്റ് കെൻസാബുറോ ഓ അന്തരിച്ചു. 88 വയസായിരുന്നു. ആണവ നിരായുധീകരണത്തിന്റെ ശക്തനായ പ്രചാരകനും സമാധാന പ്രവർത്തകനുമായിരുന്ന അദ്ദേഹത്തിൻറെ മരണവാർത്ത പ്രസാധകരായ കോഡൻഷ ലിമിറ്റഡ് ആണ് പുറത്തുവിട്ടത്.
1963-ൽ കെൻസാബുറോയുടെ മാനസിക വൈകല്യമുള്ള മകന്റെ ജനനമാണ് അദ്ദേഹത്തിന്റെ കൃതികളെ ഏറ്റവും സ്വാധീനിച്ചത്
1994 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന രണ്ടാമത്തെ ജാപ്പനീസ് എഴുത്തുകാരനായിരുന്നു അദ്ദേഹം. 1968 ൽ യാസുനാരി കവാബത്തയാണ് ആദ്യ നൊബേൽ നേടിയ ആദ്യ ജപ്പാന്‍കാരി. ജപ്പാന്റെ പരാജയത്തോടെ രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ കെൻസാബുറോക്കു 10 വയസ്സാണ്. യുദ്ധത്തിന്റെ ഭീകരത നേരിട്ടറിഞ്ഞ അദ്ദേഹം, ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം ഉണ്ടാക്കിയ കെടുതികളെക്കുറിച്ച് എഴുതി.
1963-ൽ കെൻസാബുറോയുടെ മാനസിക വൈകല്യമുള്ള മകന്റെ ജനനമാണ് അദ്ദേഹത്തിന്റെ കൃതികളെ ഏറ്റവും സ്വാധീനിച്ചത്. മസ്തിഷ്കത്തിന് ക്ഷതമേറ്റ മകന്റെ ജനനത്തോടെ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു പിതാവിന്റെ കഥയാണ് ഒരു വർഷത്തിന് ശേഷം പ്രസിദ്ധീകരിച്ച "എ പേഴ്സണൽ മാറ്റർ". അദ്ദേഹത്തിന്റെ മകനായ ഹിക്കാരി ഓയ്ക്ക് ജനനസമയത്ത് മസ്തിഷ്ക വൈകല്യം ഉണ്ടായിരുന്നു. പിന്നീടത് മാനസിക വൈകല്യത്തിന് കാരണമായി. സംസാരിക്കാനും വായിക്കാനും പരിമിതിയുണ്ടെങ്കിലും ആൽബങ്ങളിലൂടെ പാട്ടുകൾ റെക്കോർഡുചെയ്യുകയും, ഹിക്കാരി പ്രശസ്തനായ സംഗീത സംവിധായകനായി മാറുകയും ചെയ്തു. മകന് ശബ്ദം നൽകാനാണ് താൻ എഴുതിയതെന്ന് കെൻസാബുറോ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടേറെ നോവലുകളിൽ മകന്‍ പ്രധാന കഥാപാത്രമായിട്ടുണ്ട്.
യുദ്ധകാല ഓർമ്മകൾ വിവരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവലായ ദി ക്യാച്ച് ശ്രദ്ധേയമായിരുന്നു
1935 ജനുവരി 31ന് ജപ്പാനിലെ തെക്കൻ ദ്വീപായ ഷിക്കോകുവിലെ ഒരു ഗ്രാമത്തിലാണ് കെൻസാബുറോ ജനിച്ചത്. ടോക്കിയോ സർവകലാശാലയിൽ ഫ്രഞ്ച് സാഹിത്യം പഠിക്കാൻ ചേർന്നപ്പോഴാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. യുദ്ധകാല ഓർമ്മകൾ വിവരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവലായ ദി ക്യാച്ച് ശ്രദ്ധേയമായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാനിലെ ഒരു ഗ്രാമത്തിൽ വിമാനം തകർന്നുവീഴുന്ന അമേരിക്കൻ പൈലറ്റും ഒരു ഗ്രാമീണബാലനും തമ്മിലുള്ള ബന്ധമായിരുന്നു ഇതിന്റെ പ്രമേയം.
2021 ൽ, അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളുടെയും മറ്റ് കൃതികളുടെയും ആയിരക്കണക്കിന് കോപ്പികൾ സൂക്ഷിക്കാനായി ടോക്കിയോ സർവകലാശാലയിലേക്ക് അയച്ചിരുന്നു. എ പഴ്സനൽ മാറ്റർ, ദ് സൈലന്റ് ക്രൈ, ഡെത്ത് ബൈ വാട്ടർ, എ ക്വയറ്റ് ലൈഫ്, ഹിരോഷിമ നോട്സ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.