WORLD

ബംഗ്ലാദേശ് ഭരണ നേതൃത്വത്തിലേക്ക് മുഹമ്മദ് യൂനുസ്? നിര്‍ണായക തീരുമാനം ഉച്ചയോടെ; ഷൈഖ് ഹസീന തടവിലാക്കിയ പ്രതിപക്ഷ നേതാക്കള്‍ക്ക് മോചനം

പുതിയ സര്‍ക്കാരിനെ യൂനുസ് നയിക്കണണെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

വിദ്യാര്‍ഥി പ്രക്ഷോഭത്തെതുടര്‍ന്ന് പ്രധാനമന്ത്രി ഷൈഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ദനും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഡോ. മുഹമ്മദ് യൂനുസിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനം. ഇടക്കാല പ്രധാനമന്ത്രിയായോ പുതിയ സര്‍ക്കാരിന്റെ പ്രധാന ഉപദേശകനായോ മുഹമ്മദ് യൂനുസ് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ സര്‍ക്കാരിനെ യൂനുസ് നയിക്കണണെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് വിദ്യാര്‍ഥി നേതാക്കള്‍ യൂനുസിന്റെ പേര് മുന്നോട്ടുവച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സൈനിക മേധാവി വാഖര്‍ ഉസ് ഉസ്മാനുമായി ഡോ. മുഹമ്മദ് യൂനുസുമായി നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചനകള്‍.

ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. സാമ്പത്തികമായ പിന്നാക്കം നില്‍ക്കുവന്നര്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമായ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് മുഹമ്മദ് യൂനുസ് ശ്രദ്ധേയനാകുന്നത്. 2006 ലാണ് മുഹമ്മദ് യൂനുസ് - ഗ്രാമീണ്‍ ബാങ്ക് എന്നിവ സംയുക്തമായി സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. 2009-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010-ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്.

ഷൈഖ് ഹസീന സര്‍ക്കാരിന്റെ വിമര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു മുഹമ്മദ് യൂനുസ്. ഷൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഷൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നായിരുന്നു നൊബേല്‍ സമ്മാന ജേതാവിന്റെ പ്രതികരണം.

'ഷൈഖ് ഹസിന ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയായ സൈനിക മേധാവിയെ പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. രാജ്യം അതില്‍ നിന്നും മോചനം നേടിയതായി ബംഗ്ലാദേശിലെ എല്ലാ ജനങ്ങള്‍ക്കും തോന്നുന്നു' മുഹമ്മദ് യൂനുസ് പാരിസില്‍നിന്ന് 'ദി പ്രിന്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''ഹസീന ജനങ്ങളെ അടിച്ചമര്‍ത്തി. അവിടെ ജനാധിപത്യം ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ശബ്ദം കേട്ടില്ല. വര്‍ഷങ്ങളായി രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നാട്ടിലെ യുവാക്കള്‍ ഇത്തവണ വോട്ട് ചെയ്തിട്ടില്ല. ഒരു രാജ്യം, ഒരു പാര്‍ട്ടി, ഒരു നേതാവ് എന്നതായിരുന്നു ഹസീനയുടെ നയം. എതിര്‍ത്താല്‍ നിങ്ങള്‍ പ്രശ്‌നത്തിലാകും. ഹസീന അധികാരത്തിലെത്തിയ സമയം മുതല്‍ ഈ പ്രശ്‌നം നേരിട്ട വ്യക്തിയാണ് ഞാന്‍. പാവങ്ങളുടെ രക്തം കുടിക്കുന്നവന്‍ എന്നായിരുന്നു അവര്‍ എന്നെ പരോക്ഷമായി വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഉണ്ടായ പ്രക്ഷോഭത്തിന് പിന്നില്‍ പ്രതിപക്ഷമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാക്കളും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും സമരത്തില്‍ കാണുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പൊലീസുകാരെയും സൈനികരെയും കാണാം. സര്‍ക്കാര്‍ നുണകളുടെ ഫാക്ടറിയായി. യഥാര്‍ഥ ചിത്രം ലോകം അറിയാതിരിക്കാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇല്ലാതായിട്ട് കാലമേറെയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശ് വിഷയത്തിലെ ഇന്ത്യയുടെ പ്രതികരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിയാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് ഇന്ത്യ പറയുന്നത്. സഹോദരന്റെ വീട് കത്തുമ്പോള്‍ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിയാന്‍ കഴിയുമോ? എന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ബംഗ്ലാദേശില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യ ആവശ്യപ്പെടണമായിരുന്നു എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഷൈഖ് ഹസീന ഭരണകാലത്ത് തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ ജയില്‍ മോചിതരായി. മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയെയാണ് മോചിപ്പിച്ചത്. ഷൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ആണ് ബീഗം ഖാലിദ സിയയെ മോചിപ്പിക്കാന്‍ ഉത്തരവിറക്കിയത്. 2018 ലാണ് അഴിമതിക്കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 78 കാരിയായ ഖാലിദ സിയ, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. വിദ്യാര്‍ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവന്‍ പേരെയും മോചിപ്പിക്കാനും തീരുമാനിച്ചതായും പ്രസിഡന്റിന്റെ വാര്‍ത്താവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ വാഖിറുസ്സമാന്‍, നാവിക, വ്യോമസേനാ മേധാവികള്‍, ബി എന്‍ പി, ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍