WORLD

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് സർക്കാരിനെ നയിക്കും; സമാധാന നൊബേൽ സമ്മാന ജേതാവിനെ മുഖ്യഉപദേഷ്ടാവായി നിയമിച്ച് പ്രസിഡന്റ്

വെബ് ഡെസ്ക്

ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തു. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പാർലമെന്റ് പിരിച്ചുവിട്ടിരുന്നു . മുഖ്യ ഉപദേഷ്ടാവായി ആകും അദ്ദേഹം സർക്കാരിനെ നയിക്കുക.

ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൻ്റെ പേരിൽ 'പാവങ്ങൾക്കുള്ള ബാങ്കർ' എന്നറിയപ്പെടുന്ന യൂനുസ്, ഇടക്കാല സർക്കാരിനെ നയിക്കണമെന്നത് പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമായിരുന്നു. അതാണ് വിദ്യാർഥികളും ബംഗ്ലാദേശ് സൈനിക മേധാവികളും പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടത്.

യൂനുസിൻ്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാർത്ഥി നേതാക്കൾ അറിയിച്ചിരുന്നു. ഇടക്കാല സർക്കാരിൻ്റെ ഭാഗമാകാൻ 10-14 പ്രമുഖ വ്യക്തികളുടെ പേരുകളും പ്രക്ഷോഭകർ നൽകിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് 2006 ൽ 83-കാരനായ യൂനുസിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത്. എന്നാൽ 190-ലധികം കേസുകളിൽ യൂനുസിനെതിരെ കുറ്റം ചുമത്തുന്ന നടപടിയായിരുന്നു ഷെയ്ഖ് ഹസീന സർക്കാർ സ്വീകരിച്ചത്.

സാമ്പത്തികമായ പിന്നാക്കം നിൽക്കുവന്നർക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമായ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ എന്ന നിലയിലാണ് മുഹമ്മദ് യൂനുസ് ശ്രദ്ധേയനാകുന്നത്. 2006 ലാണ് മുഹമ്മദ് യൂനുസ് - ഗ്രാമീൺ ബാങ്ക് എന്നിവ സംയുക്തമായി സമാധാനത്തിനുള്ള നോബൽ പുരസ്‌ക്കാരത്തിന് അർഹനായത്. 2009-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, 2010-ൽ കോൺഗ്രസ്സ് ഗോൾഡ് മെഡൽ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ യൂനുസിന് ലഭിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍