കോവിഡിന് ശേഷം ആദ്യമായി പൗരന്മാർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതി നൽകി ഉത്തരകൊറിയ. 2020-ൽ ഏർപ്പെടുത്തിയ പ്രവേശന വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സ്റ്റേറ്റ് എമര്‍ജന്‍സി എപ്പിഡെമിക് പ്രിവന്‍ഷന്‍ വിഭാഗത്തിനറെ പ്രഖ്യാപനം ഉത്തരകൊറിയൻ സർക്കാർ ന്യൂസ് ഏജൻസിയായ കെസിഎൻഎയാണ് പുറത്തുവിട്ടത്.
വിദേശരാജ്യങ്ങളില്‍ മടങ്ങി എത്തുന്നവരെ ഒരാഴ്ചത്തേയ്ക്ക് ക്വാറന്റൈന്‍ വാര്‍ഡുകളില്‍ നിരീക്ഷണവിധേയരാക്കാനാണ് തീരുമാനം. ലോകമെമ്പാടുമുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്താണിതെന്ന് ഉത്തരകൊറിയ അറിയിക്കുന്നു. കോവിഡ് മാർഗനിർദേശങ്ങളിൽ അടുത്തിടെ മാത്രമാണ് രാജ്യം ഇളവുകൾ നൽകിത്തുടങ്ങിയത്.
കഴിഞ്ഞ മാസം പ്യോങ്‌യാങ്ങില്‍ നടന്ന സൈനിക പരേഡില്‍ ചൈനീസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. കോവിഡിന് ശേഷം ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ വിദേശ ഉദ്യോഗസ്ഥരാണിവര്‍. കഴിഞ്ഞയാഴ്ച കസാഖിസ്ഥാനില്‍ തായ്‌ക്കൊണ്ടോ മത്സരത്തില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളുടെ ഒരു പ്രതിനിധി സംഘത്തെ ഉത്തരകൊറിയ അയച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ കൊറിയോ മൂന്ന് വര്‍ഷത്തിനിടെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയും നടത്തി.
ചൊവ്വാഴ്ച രാവിലെ ചൈനയിലെ ബീജിങ്ങിലെത്തിയത് എയര്‍ കൊറിയോ വിമാനത്തിൽ ആരാണുണ്ടായിരുന്നതെന്ന് വ്യക്തമല്ല. മുന്‍ നേതാക്കളായ കിം ഇല്‍ സുങ്ങിന്റെയും കിം ജോങ് ഇല്ലിന്റെയും മുഖമുള്ള ബാഡ്ജുകള്‍ ധരിച്ചെത്തിയ രണ്ട് ഉത്തരകൊറിയക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.