കിം ജോങ് ഉന്നിന്റെ മകളുടെ അതേ പേരുള്ള പെണ്‍കുട്ടികള്‍ പേര് മാറ്റണമെന്ന നിര്‍ദേശവുമായി ഉത്തരകൊറിയ. കിമ്മിന്റെ പത്ത് വയസ് പ്രായമുള്ള മകള്‍ 'ജു എ' യുടെ പേരുള്ള മുഴുവന്‍ പെണ്‍കുട്ടികളും പേര് മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് റിപ്പോർട്ടുകൾ
ഭരണാധികാരികളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും പേരുകള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തരകൊറിയ വിലക്കിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം
ജു എ എന്ന് പേരുള്ള മുഴുവന്‍ പെണ്‍കുട്ടികളേയും സുരക്ഷാ മന്ത്രാലയം വിളിച്ചു വരുത്തി ഒരാഴ്ചയ്ക്കുള്ളില്‍ പേര് മാറ്റണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത. ഭരണകൂടം ഇതിനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഭരണാധികാരികളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും പേരുകള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തരകൊറിയ വിലക്കിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ തന്റെ അതേ പേര് ജനങ്ങള്‍ ഉപയോഗിക്കുന്നത് കിം ജോങ് ഉൻ വിലക്കിയിരുന്നു.
ഉന്നിന്റെ മകളുടെ ചിത്രങ്ങള്‍ രാജ്യത്തിന്റ സ്റ്റാംപുകളില്‍ ആലേഖനം ചെയ്യാന്‍ ഉത്തര കൊറിയ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നവംബര്‍ 18 ന് നടന്ന മിസൈല്‍ വിക്ഷേപണത്തിന്റെ സ്മരണയ്ക്കായി ഉത്തര കൊറിയന്‍ സ്റ്റാംപ് കോര്‍പറേഷന്‍ പുറത്തിറക്കിയ സ്റ്റാംപുകളില്‍ അഞ്ചെണ്ണത്തിലും കിമ്മിനെയും മകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിമ്മിന്റെ 'പ്രിയപ്പെട്ട മകള്‍' എന്ന അടിക്കുറിപ്പോടു കൂടിയുള്ള പുതിയ സ്റ്റാംപുകള്‍ വെള്ളിയാഴ്ച പുറത്തിറക്കാനിരിക്കെയാണ് പേര് മാറ്റാനുള്ള പുതിയ തീരുമാനം.