അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍. ശത്രുരാജ്യങ്ങൾക്കെതിരായ നീക്കങ്ങൾക്ക് ഈ യുവാക്കൾ ശക്തി പകരുമെന്നുമാണ് ഉത്തര കൊറിയയുടെ വാദം. ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തുവെന്നും റോഡോങ് സിൻമ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിനായി തയ്യാറായി യുവാക്കള്‍ രംഗത്തെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരാണ് സൈനിക സേവനത്തിന് സന്നദ്ധത അറിയിക്കുന്ന രേഖകളിൽ ഒപ്പുവച്ചതെന്നുമാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. സന്നദ്ധ സേവനത്തിന് പേര് നൽകാൻ കാത്തുനിൽക്കുന്ന യുവാക്കളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനുള്ള അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് യുവാക്കൾ ഒപ്പുവച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്കെതിരായ പ്രതികരണമാണ് സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് എന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. രാജ്യത്തെ എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണം.
അമേരിക്ക-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങൾക്ക് മറുപടിയായി ഉത്തരകൊറിയ വ്യാഴാഴ്ച ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപിച്ചതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയെ നേരിടാനുള്ള വഴികൾ ചർച്ച ചെയ്യുന്ന ഉച്ചകോടിക്കായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് വ്യാഴാഴ്ച പ്യോങ്യാങ്ങില്‍ നടന്നത്. ഫ്രീഡം ഷീൽഡ് 23 എന്ന പേരിൽ 11 ദിവസം നീണ്ട് നിൽക്കുന്ന സൈനികാഭ്യാസത്തിന് അമേരിക്കയും ദക്ഷിണ കൊറിയയും തുടക്കമിട്ടിരുന്നു. എന്നാൽ സൈനികാഭ്യാസത്തിലൂടെ സംഘർഷം വർധിപ്പിക്കാനാണ് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും നീക്കമെന്ന് കിം ജോങ് ഉൻ ആരോപിച്ചു. നടപടി പ്രകോപനമുണ്ടാക്കുന്നതാണെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.