അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ തടവിലാക്കി ഉത്തര കൊറിയ. ഉത്തര -ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന സൈനിക അതിർത്തി രേഖയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) കടന്നതിനാണ് അമേരിക്കൻ സൈനികനെ തടവിലാക്കിയത്. അതിർത്തി ഗ്രാമമായ പാൻമുൻജോം സന്ദർശിക്കുന്നതിനിടെ, അനുമതിയില്ലാതെ ഉത്തരകൊറിയയിലേക്ക് കടന്നതാണ് തടവിലാക്കാൻ കാരണമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷൻസ് കമാൻഡ് അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ഉത്തര കൊറിയൻ സൈന്യവുമായി ബന്ധപ്പെടുന്നുണ്ടെന്നും യുണൈറ്റഡ് നേഷൻസ് കമാൻഡ് അറിയിച്ചു.
സൈനികൻ എന്തിനാണ് അതീവ സുരക്ഷാമേഖലയിലെ അതിർത്തി കടന്നതെന്നോ, എങ്ങനെ കടന്നുവെന്നതിലോ വ്യക്തതയില്ല. സൈനികൻ ഡ്യൂട്ടിയിലായിരുന്നോ എന്നും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം മുതൽ ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങള്‍ക്കുമിടയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ അതിർത്തികടക്കൽ. സംഭവത്തെക്കുറിച്ച് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
248 കിലോമീറ്ററുള്ള സൈനിക മേഖലയാണ് പാൻമുൻജോം.1950 -1953 കൊറിയൻ യുദ്ധത്തിന് ശേഷം, രാഷ്ട്രീയ അടിച്ചമർത്തലുകളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷതേടി 30,000-ത്തിലധികം ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയില്‍ അഭയം തേടിയിട്ടുണ്ട്.
പാൻമുൻജോം മേഖലയിൽ വെടിവയ്പ്പും മറ്റ് ആക്രമണങ്ങളും പലതവണയുണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് കൂടി വേദിയായിട്ടുള്ള മേഖലകൂടിയാണിത്. യുഎൻ കമാൻഡും ഉത്തര കൊറിയയും സംയുക്തമായാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്. യുദ്ധസ്മാരകങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രത്യേക ടൂറിസം പദ്ധതി കൂടി ഇവിടെയുണ്ട്.
സമീപവർഷങ്ങളിൽ, ചൈനീസ് അതിർത്തി വഴി ഉത്തര കൊറിയയിലേക്ക് പ്രവേശിച്ച അമേരിക്കൻ പൗരന്മാര്‍ ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. അമേരിക്കയുടെ ഉന്നത ഇടപെടലുകളെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ അമേരിക്കൻ പൗരന്മാർ ഉത്തര കൊറിയയിൽ പ്രവേശിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരുന്നു. 2016-ൽ യുഎസിൽ നിന്നുള്ള വിദ്യാർഥി ഹോട്ടലിന്റെ ചുമരിൽ നിന്ന് ഒരു പ്രചരണ പോസ്റ്റർ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തരകൊറിയയിൽ അറസ്റ്റിലായിരുന്നു. 17 മാസത്തിന് ശേഷം കോമ അവസ്ഥയിലാണ് മോചിപ്പിച്ചത്. അമേരിക്കയിലെത്തിയതിന് പിന്നാലെ വിദ്യാർഥി മരിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയയിൽ കടക്കരുതെന്ന് അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകിയത്.