അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിൽ പ്രകോപനം തുടർന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തെ കടലിലേക്ക് വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് മുൻപ് ഉത്തര കൊറിയയിലെ ഹ്വാങ്ഹേ പ്രവിശ്യയിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെഎസ്‌സി) പറഞ്ഞു. 370 കിലോമീറ്റർ ദൂരം ചെന്നാണ് മിസൈൽ പതിച്ചത്. വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്താണ് പതിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും ദക്ഷിണ കൊറിയൻ തുറമുഖമായ ബുസാനിൽ എത്തുന്നതിന് ഒരു ദിവസം മുൻപാണ് വിക്ഷേപണം. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾ ലംഘിച്ചുകൊണ്ടാണ് ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഉടൻ തന്നെ ഉത്തര കൊറിയ ഇത് അവസാനിപ്പിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. കൂടാതെ, ഉത്തര കൊറിയയുടെ നീക്കങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും പ്രകോപനങ്ങളെ ശക്തമായി ചെറുക്കുമെന്നും ജെസിഎസ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ആസൂത്രണം ചെയ്തതുപോലെ അമേരിക്കയുമായി സൈനികാഭ്യാസം തുടരുമെന്നും ജെസിഎസ് വ്യക്തമാക്കി.
ദക്ഷിണകൊറിയയ്ക്ക് പിന്നാലെ, ജപ്പാനും ഉത്തര കൊറിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. നിലിവൽ, ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ജപ്പാൻ സർക്കാർ ആരോപിച്ചു.
തന്ത്രപരമായ ആണവ ആക്രമണങ്ങൾ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വിക്ഷേപണമാണ് നിലവിൽ നടത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം അവസാനിപ്പിക്കണമെന്ന കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. വെളളിയാഴ്ച, ആണവ ശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായും ഉത്തര കൊറിയ പറഞ്ഞു.
അതേസമയം, സഖ്യകക്ഷികൾ ഫ്രീഡം ഷീൽഡ് 23 എന്ന പേരിൽ അവരുടെ പതിവ് സ്പ്രിങ് ടൈം അഭ്യാസങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന ആംഫിബിയസ് ലാൻഡിങ് ഡ്രില്ലുകൾ അടക്കമുളളവയുടെ ഫീൽഡ് പരിശീലനം തുടരുകയാണ്. ആണവായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയുടെ ആണവ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. വളരെക്കാലമായി സഖ്യകക്ഷികളുടെ അഭ്യാസങ്ങളിൽ ഉത്തര കൊറിയ പ്രതിരോധവുമായി മുന്നിലുണ്ട്. വടക്കൻ അധിനിവേശത്തിനാണ് അഭ്യാസങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. എന്നാൽ, അഭ്യാസങ്ങൾ പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നത്.