കൊറിയൻ ഉപദ്വീപിൽ വീണ്ടും ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തരകൊറിയ വീണ്ടും മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നത്. അമേരിക്ക - ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെയാണ് ഉത്തരകൊറിയൻ പ്രകോപനം.
തിങ്കളാഴ്ചയാണ് രണ്ടാം മിസൈല്‍ വിക്ഷേപണം നടന്നത്. കിഴക്കന്‍ കടലിന് നേരെ ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി സംശയിക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു.
ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനിക അഭ്യാസമാണ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. ഞായറാഴ്ചയായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. നടപടിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ തന്നെ ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഇരു രാജ്യങ്ങളും ചെവിക്കൊണ്ടില്ല. ശനിയാഴ്ചയാണ് ആദ്യ മിസൈല്‍ പ്രകോപനം ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടാകുന്നത്. 66 മിനിറ്റ് പറന്ന ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പതിച്ചു. പിന്നാലെ ഞായറാഴ്ച നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ തന്ത്രപ്രധാനമായ ബോംബറും ഫൈറ്റര്‍ ജെറ്റുകളും ഉള്‍ക്കൊള്ളിച്ച് അമേരിക്കയും ദക്ഷിണകൊറിയയും മറുപടി നല്‍കി.
ശനിയാഴ്ച നടന്ന മിസൈല്‍ വിക്ഷേപണം ഉത്തര കൊറിയ തന്നെ സ്ഥിരീകരിച്ചിരുന്നു ഹ്വാസോങ്-15 മിസൈല്‍ ആണ് വിക്ഷേപിച്ചതെന്നും രാജ്യത്തിന്‌റെ ആണവ പ്രത്യാക്രമണ കരുത്ത് വെളിവാക്കുന്ന 'സര്‍പ്രൈസ്' ഡ്രില്ലിന്റെ ഭാഗമാണ് വിക്ഷേപണമെന്നുമായിരുന്നു വിശദീകരണം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ ശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കാനാണ് ആണവ ശക്തിയെന്ന ലക്ഷ്യം മുന്നോട്ട് വെയ്ക്കുന്നതെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി പറഞ്ഞിരുന്നു.