അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികൻ പ്രൈവറ്റ് ട്രാവിസ് കിങ് രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ച് ഉത്തരകൊറിയ. അമേരിക്കൻ സൈന്യത്തിലെ വർണ വിവേചനവും മനുഷ്യത്വരഹിതമായ സമീപനങ്ങളുമാണ് ട്രാവിസിനെ ഉത്തരകൊറിയയിലെത്താൻ പ്രേരിപ്പിച്ചതെന്നാണ് വിശദീകരണം. ഉത്തരകൊറിയയിൽ അഭയം തേടാനുള്ള ആഗ്രഹം 23കാരനായ ട്രാവിസ് കിങ് പ്രകടിപ്പിച്ചതായി ദേശീയമാധ്യമം വാർത്ത പുറത്തുവിട്ടു. അസമത്വം നിറഞ്ഞ അമേരിക്കൻ സമൂഹത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രാവിസ് പറഞ്ഞതായും ഉത്തരകൊറിയ വ്യക്തമാക്കുന്നു.
ഉത്തര - ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന സൈനിക അതിർത്തിരേഖയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) കടന്നതിന് ജൂലൈ 18ന് അമേരിക്കൻ സൈനികനെ ഉത്തരകൊറിയ തടവിലാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുന്നത് ആദ്യമാണ്. അതിർത്തിഗ്രാമമായ പാൻമുൻജോ സന്ദർശിക്കുന്നതിനിടെയാണ് ട്രാവിസ് കിങ് അനുമതിയില്ലാതെ അതിർത്തികടന്നത്. സൈനികനെ തടവിലാക്കിയ വിവരം അമേരിക്കയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷൻസ് കമാൻഡ് സ്ഥിരീകരിച്ചിരുന്നു.
എത്രയും വേഗം ട്രാവിസ് കിങ്ങിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായുള്ള ശ്രമങ്ങൾ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. സൈനികൻ മനഃപൂർവം അതിർത്തി കടന്നതാണെന്ന് പെന്റഗൺ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
2021 മുതൽ യുഎസ് സൈന്യത്തിന്റെ ഭാഗമാണ് ട്രാവിസ് കിങ്. ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന യുഎസ് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ സൈനികനായിരുന്നു ഇയാൾ. ദക്ഷിണ കൊറിയയിൽ ഒരു ആക്രമണ കേസിൽ രണ്ട് മാസം ട്രാവിസ് തടവിൽ കഴിഞ്ഞിരുന്നു. ജൂലൈ 10നാണ് മോചിക്കപ്പെട്ടത്. 18ന് ഇയാളെ കാണാതായി. ദക്ഷിണ കൊറിയയിലെ മോശം പെരുമാറ്റത്തിനറെ പേരിൽ യുഎസിൽ അച്ചടക്ക നടപടികൾ നേരിടാനായി ട്രാവിസിനെ തിരികെ വിളിച്ചിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിന് പകരം ഇയാൾ ഉത്തര- ദക്ഷിണ കൊറിയകളുടെ അതിർത്തി ഗ്രാമമായ പാൻജുൻമിലേക്ക് വിനോദസഞ്ചാര യാത്രാ ടീമിനൊപ്പം തിരിക്കുകയായിരുന്നു.
248 കിലോമീറ്ററുള്ള സൈനിക മേഖലയാണ് പാൻമുൻജോം. പാൻമുൻജോം മേഖലയിൽ വെടിവയ്പ്പും മറ്റ് ആക്രമണങ്ങളും പലതവണയുണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് കൂടി വേദിയായിട്ടുള്ള മേഖലകൂടിയാണിത്. യുഎൻ കമാൻഡും ഉത്തര കൊറിയയും സംയുക്തമായാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്. യുദ്ധസ്മാരകങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രത്യേക ടൂറിസം പദ്ധതി കൂടി ഇവിടെയുണ്ട്.