ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കാനാണ് ആണവ ശക്തിയെന്ന ലക്ഷ്യം മുന്നോട്ട് വെയ്ക്കുന്നതെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി വ്യക്തമാക്കി. ഈ നൂറ്റാണ്ടില്‍ ലോകത്തിലെ തന്ത്രപരവും ശക്തവുമായ സേനയായി മാറുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ്-17 ന്റെ പരീക്ഷണ വിക്ഷേപണത്തിന് ശേഷമായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം .
ലോകത്തിലെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ ആയുധമെന്നാണ് ഹ്വാസോങ്-17 നെ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. '' രാജ്യത്തെ മികച്ച സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ അതിശയകരമായ കുതിച്ചുചാട്ടം നടത്തി'' - കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടു. വിക്ഷേപണ ചടങ്ങില്‍ ഉത്തരകൊറിയന്‍ സുപ്രീം പീപ്പിള്‍സ് അസംബ്ലി സ്റ്റാന്‍ഡിങ് കമ്മിറ്റി ഹ്വാസോങ്-17 മിസൈലിന് ഹീറോ ആന്‍ഡ് ഗോള്‍ഡ് സ്റ്റാര്‍ മെഡലും ഓര്‍ഡര്‍ ഓഫ് നാഷണല്‍ ഫ്‌ളാഗ് ഫസ്റ്റ് ക്ലാസ് പദവിയും സമ്മാനിച്ചു.
ആണവായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉന്‍
ആണവായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയുടെ ആണവ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ആണവ മേധാവിത്വത്തിനെതിരെ നിലകൊള്ളാന്‍ കഴിവുള്ള ഒരു സമ്പൂര്‍ണ ആണവശക്തിയാണ് ഉത്തരകൊറിയയെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
മിസൈല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാമൊപ്പം പ്രസിഡന്റ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവര്‍ക്കൊപ്പം ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. അസാധാരണമായ വേഗത്തില്‍ രാജ്യത്തിന്റെ ആണവ പ്രതിരോധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ രാജ്യത്തെ ആണവശക്തിയാക്കി മാറ്റുന്നതില്‍ പൂര്‍ണ പിന്തുണ പ്രകടിപ്പിച്ച് ശാസ്ത്രജ്ഞരും സൈനികരും രംഗത്തെത്തി. കിം ജോങ് ഉന്നിന്റെ അധികാരം സംരക്ഷിക്കുമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥര്‍ കൈമാറിയത്. പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം മിസൈലുകള്‍ പരീക്ഷിക്കുമെന്ന ഉറപ്പും അവര്‍ നല്‍കി.