മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ പിളര്‍പ്പിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ. അത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് തന്നെ വിരുദ്ധമാകും. മോദിയുമായി ഒരു കൂടിക്കാഴ്ചയുണ്ടാവുകയാണെങ്കിൽ താൻ ഉന്നയിക്കാൻ പോകുന്ന വാദം ഇതാകുമെന്നും ഒബാമ പറഞ്ഞു. ബൈഡൻ - മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഒബാമ നിലപാട് വ്യക്കമാക്കിയത്.
''ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പരിഗണിക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ പിളർപ്പിലേക്ക് പോകും. അത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകും. മോദിയുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ ഞാൻ മുന്നോട്ടുവയ്ക്കുന്ന ചർച്ച ഇതാകും'' -
പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ ജനാധിപത്യ രാജ്യത്തിന്റെ വിജയത്തിന് മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സുപ്രധാനമാണെന്ന് ബൈഡൻ ഓർമിപ്പിച്ചു. സംയുക്ത വാർത്താസമ്മേളത്തിനിടെ മോദിയോട് മാധ്യമപ്രവർത്തകർ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്താനായി എന്തെല്ലാം ചെയ്യുമെന്ന ചോദ്യവും ഉന്നയിച്ചു. ഇന്ത്യയിൽ ജാതി, മതം തുടങ്ങി ഒരു വിധത്തിലുമുള്ള വിവേചനം നിലനിൽക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി. രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും ജനാധിപത്യം അലിഞ്ഞുചേർന്നിരിക്കുന്നു. ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നും മോദി മറുപടി നൽകി.
മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം, എല്ലാവരിലും വിശ്വാസം ) എന്നതും മോദി ഉയർത്തിക്കാട്ടി. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രപരമായ വ്യത്യാസമോ പരിഗണിക്കാതെ ഇന്ത്യയിൽ എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി വരുന്നതായും അറിയിച്ചു.
യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധ ചെയ്തു. രണ്ടുതവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് മോദി യുഎസ് കോൺഗ്രസിൽ സംസാരിച്ചു.