പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് നടന്ന ഉഗ്രസ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു പാകിസ്താന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുവെന്നാണ് പോലീസ് അറിയിച്ചത്. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. പാക് വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഷാങ്ങ്ഹായ് ഉച്ചകോടി നടക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ആക്രമണം. വിദേശികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സിന്ധ് പ്രവിശ്യ ആഭ്യന്തര മന്ത്രി സിയ ഉൽ ഹസൻ പറഞ്ഞു. 'ഭീകരാക്രമണം' എന്ന് പാകിസ്താൻ വിശേഷിപ്പിച്ച ആക്രമണത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടതായി പാകിസ്താനിലെ ചൈനീസ് എംബസിയും അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന കാറുകൾ ഉൾപ്പെടെ അഗ്നിക്കിരയാക്കുകയും വലിയൊരു തീഗോളം ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികളാണ് പാകിസ്താനിലുള്ളത്. അവരിൽ ഭൂരിഭാഗവും ദക്ഷിണ-മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ജോലിനോക്കുന്നത്. ഓയിൽ ടാങ്കർ ഉപയോഗിച്ചാണ് സ്‌ഫോടനത്തിന്റെ തോത് വർധിപ്പിച്ചതെന്ന് പ്രവിശ്യ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഈസ്റ്റ് അസ്ഫർ മഹേസർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ സ്വഭാവവും കാരണങ്ങളും നിർണയിക്കുന്നതെ ഉള്ളുവെന്നും പോലീസ് അറിയിച്ചു.
പാകിസ്താന്റെ തെക്കുപടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ്റെയും ഇറാൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വയംഭരണാവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇക്കഴിഞ്ഞ, ഓഗസ്റ്റിൽ ബലൂചിസ്ഥാനിൽ പലയിടത്തായി നടത്തിയ സംഘടിത ആക്രമണങ്ങളിൽ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തെ ലക്ഷ്യം വച്ചാണ് പ്രധാനമായും വിഘടനവാദ സംഘടനയുടെ ആക്രമണങ്ങൾ.
ബലൂചിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനായ ഗ്വാദർ തുറമുഖം ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിലെ പ്രധാന കണ്ണിയാണ്.അതിന്റെ നിയന്ത്രണം ചൈനയ്ക്ക് നൽകുക വഴി ബലൂച് പ്രവിശ്യയെ ചൂഷണം ചെയ്യാനുള്ള വഴിയൊരുക്കുന്നുവെന്നാണ് ബി എൽ എ യുടെ പ്രധാന വാദം.