WORLD

98 ദിവസത്തെ പ്രസവാവധി, പുരുഷന് ഏഴ് ദിവസത്തെ പിതൃത്വ അവധി; തൊഴില്‍ നിയമം പരിഷ്കരിച്ച് ഒമാൻ

സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ എട്ട് മണിക്കൂറായിരിക്കും ജോലി സമയം

വെബ് ഡെസ്ക്

പൗരന്മാരുടെയും തൊഴിലാളികളുടെയും ക്ഷേമം മുന്‍നിര്‍ത്തി തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌ക്കരണവുമായി ഒമാന്‍. സുപ്രധാന മാറ്റങ്ങളുമായെത്തുന്ന നിയമത്തിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്‍കിയ. തൊഴില്‍ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നതുള്‍പ്പെടെ പുരുഷന്‍മാര്‍ക്ക് പിതൃത്വ അവധി വരെ ഉള്‍ക്കൊള്ളുന്നതാണ് പുതുക്കിയ തൊഴില്‍ നിയമം.

25 ലധികം വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ഒരു വിശ്രമ കേന്ദ്രം സജ്ജമാക്കണമെന്നും തൊഴില്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. വിശ്രമ സമയം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് തിരഞ്ഞെടുക്കാനും അനുമതിയുണ്ട്. എന്നാല്‍, അതിന്റെ കാരണം തൊഴില്‍ ഉടമയെ അറിയിക്കേണ്ടതുണ്ട്. സിക്ക് ലീവിലും വര്‍ധന നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി 98 ദിവസം പ്രസവാവധി ലഭിക്കും. പുരുഷന്‍മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധിയും ലഭിക്കും. അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലായാല്‍ കൂട്ടിരിക്കാന്‍ 15 ദിവസം ലീവും അനുവദിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ട് ടൈം ജോലികള്‍ക്കും അനുമതി നല്‍കി.

നിശ്ചിത കാലാവധിക്ക് ശേഷവും പ്രസവാവധി ആവശ്യമായവര്‍ക്ക് ഒരു വര്‍ഷത്തെ വേതനമില്ലാത്ത അവധിക്കും അപേക്ഷിക്കാവുന്നതാണ്. 25 ലധികം വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും ഒരു വിശ്രമ കേന്ദ്രം സജ്ജമാക്കണമെന്നും തൊഴില്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു.

തൊഴിലാളികള്‍ക്കൊപ്പം തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തൊഴിലാളിയെ താത്കാലികമായി മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്യിപ്പിക്കാൻ അനുമതിയുണ്ട്. ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. തൊഴിലിലെ വൈദഗ്ധ്യം തൊഴിലാളിക്ക് തെളിയിക്കാന്‍ സാധിക്കാതെ വന്നാല്‍ കരാര്‍ റദ്ദാക്കാനും തൊഴില്‍ ഉടമയ്ക്ക് അവകാശമുണ്ട്. പക്ഷേ, കരാര്‍ റദ്ദാക്കുന്നതിന് മുന്‍പ് തൊഴിലിലെ പോരായ്മകളെ സംബന്ധിച്ച് തൊഴിലാളിക്ക് അറിയിപ്പ് നല്‍കുകയും ഇത് തിരുത്താന്‍ ആറുമാസത്തെ സമയം അനുവദിക്കുകയും വേണം. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരവും നല്‍കാവുന്നതാണ്.

പ്രധാന പരിഷ്‌ക്കാരങ്ങള്‍

  • സ്ത്രീകള്‍ക്ക് 98 ദിവസത്തെ പ്രസവാവധി. കുട്ടി ജനിക്കുന്നതിന് മുന്‍പോ ശേഷമോ ഈ അവധിയില്‍ പ്രവേശിക്കാവുന്നതാണ്.

  • പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധി

  • രോഗിയായ കുടുംബാംഗങ്ങളെ പരിചരിക്കാന്‍ 15 ദിവസത്തെ അവധി

  • നിബന്ധനകളോടെ 182 ദിവസത്തെ സിക്ക് ലീവിന് അര്‍ഹതയുണ്ട്. 21 ദിവസം വരെ മുഴുവന്‍ ശമ്പളത്തോടെയാണ് അവധി. 22 മുതൽ 35 വരെ ദിവസം ശമ്പളത്തിന്റെ 75 %; 36 മുതൽ 70 വരെ 50 %; 71 മുതൽ 182-ാം ദിവസം വരെ 35 ശതമാനവും ലഭിക്കും.

  • സ്‌കൂളിലോ യൂണിവേഴ്‌സിറ്റിയിലോ പഠിക്കുന്ന ജീവനക്കാര്‍ക്ക് പതിനഞ്ച് ദിവസത്തെ അവധിക്കവകാശമുണ്ട്.

  • ഭര്‍ത്താവിന്റെ മരണത്തില്‍ മുസ്ലീം സ്ത്രീക്ക് 130 ദിവസത്തെ അവധിയും മുസ്ലീം ഇതര മത വിഭാഗത്തില്‍പ്പെട്ടവർക്ക് 14 ദിവസത്തെ അവധിക്കും അനുമതി

  • പ്രത്യേക സാഹചര്യത്തില്‍ വേതനമില്ലാതെയും അവധിക്ക് പ്രവേശിക്കാം

  • പാര്‍ട്ട് ടൈം ജോലികള്‍ പ്രോത്സാഹിപ്പിക്കുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം