ടൂറിസ്റ്റ് , ബിസിനസ് വിസയിൽ രാജ്യത്തെത്തുന്നവർക്ക് ജോലികൾക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും അനുവാദം നൽകി അമേരിക്ക. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് വിസ സ്റ്റാറ്റസ് മാറ്റിയെന്ന് ഉറപ്പുവരുത്തണമെന്നതാണ് നിബന്ധന. B-1, B-2 വിസയുള്ളവര്‍ക്കാകും വിസ മാറ്റം സാധ്യമാകുകയെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (USCIS) അറിയിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികളിൽ പിരിച്ചുവിടലുകൾ നടക്കുന്നത് കാരണം ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉദ്യോഗാര്‍ത്ഥികള്‍ വിസ സ്റ്റാറ്റസ് മാറ്റിയെന്ന് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണ്.
ബി-1 വിസ ഹ്രസ്വകാല ബിസിനസ്സ് യാത്രകൾക്കും ബി-2 വിസ വിനോദസഞ്ചാര ആവശ്യങ്ങൾക്കുമാണ് നൽകുന്നത്. തൊഴിൽ വിസയിൽ അമേരിക്കയിൽ എത്തിയവർക്ക് ജോലി നഷ്ടമായാൽ 60 ദിവസം മാത്രമാണ് അവിടെ തുടരാനാകുക. ഈ കാലയളവിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ രാജ്യം വിടുകയാണ് ഏക മാർഗം. സാധാരണയായി വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടമായാൽ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഇതിലൊന്നാണ് കുടിയേറ്റേതര പദവി മാറ്റുന്നതിനുള്ള അപേക്ഷ. ഇതു കൂടാതെ തൊഴിലിൽ നിന്ന് മാറാനുള്ള നിർബന്ധിത സാഹചര്യങ്ങളും നിലവിലുണ്ടായിരുന്ന തൊഴിലുടമയില്‍ നിന്ന് മാറാനുണ്ടായ സാഹചര്യവും ചൂണ്ടിക്കാണിച്ചുള്ള അപേക്ഷയും സമർപ്പിക്കണം. ഇതിലേതെങ്കിലും 60 ദിവസത്തിനുള്ളിൽ ശരിയായാൽ അമേരിക്കയിൽ താമസിക്കാനുള്ള കാലാവധി നീട്ടിക്കിട്ടും. മറിച്ചാണെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകണമെന്നാണ് നിയമം.
ഇത്തരത്തിലുള്ള സാഹചര്യത്തിൽ ബി-1, ബി-2 വിസ കൈവശം വച്ചുതന്നെ പുതിയ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുമോ എന്ന ചോദ്യവുമായി ഒരുപാട് ആളുകൾ മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്‌സിഐഎസ് നിലവിലെ നിയമം പരിഷ്കരിച്ചത്.