20 വര്‍ഷത്തിനിടെ മാതൃമരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഓരോ രണ്ട് മിനിറ്റിലും ഗര്‍ഭ-പ്രസവ സമയത്തെ സങ്കീർണതകൾ കാരണം ഒരു സ്ത്രീ മരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. 2000 നും 2015 നും ഇടയില്‍ മാതൃമരണനിരക്കുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ 2016-2020 കാലയളവിൽ ഈ നിരക്കിൽ മാറ്റമൊന്നും സംഭവിക്കാതെ നിശ്ചലമായി തുടരുകയായിരുന്നുവെന്നും ചിലയിടങ്ങളിൽ നിരക്ക് വർധിക്കുകയും ചെയ്തതായും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 2016 ല്‍ 3,09,000 മാതൃമരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2020 ല്‍ ഇത് 2,87,000 കേസുകളായിരുന്നു. നേരിയ കുറവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെയും മറ്റ് യുഎന്‍ ഏജന്‍സികളുടെയും കണക്കുകള്‍ പ്രകാരം മൊത്തത്തിലുള്ള മാതൃമരണ നിരക്ക് 34 വര്‍ഷത്തിനുള്ളില്‍ 3.20 ശതമാനം കുറഞ്ഞു. 2000ത്തില്‍ ഒരു ലക്ഷം പ്രസവത്തിനിടെ 339 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 223 ആയി കുറഞ്ഞിരുന്നു. എന്നാലും ഓരോ രണ്ട് മിനിറ്റിലും ഒരാള്‍ എന്ന നിലയില്‍ പ്രതിദിനം 800 സ്ത്രീകള്‍ ആ വര്‍ഷം മരിച്ചുവെന്നാണ് കണക്കുകള്‍. 2000 നും 2015 നും ഇടയില്‍ അമേരിക്കയിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
അമേരിക്കയില്‍ മാതൃമരണനിരക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടെ 75 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2000ല്‍ 100,000 പ്രസവങ്ങളില്‍ ഏകദേശം 12 മാതൃമരണങ്ങളും 2020ല്‍ 100,000 പ്രസവങ്ങളില്‍ 21 മാതൃമരണങ്ങളും ഉണ്ടായിട്ടുണ്ട്. ബെലാറസിൽ മാതൃമരണനിരക്ക് 95.5 ശതമാനം കുറഞ്ഞു. എന്നാൽ വെനസ്വലെയിൽ 2000-2015 കാലയളവിൽ മരണ നിരക്ക് വർധിച്ചതായാണ് കണക്കുകൾ. 2016നും 2020നും ഇടയിൽ എട്ട് യുഎൻ മേഖലകളിൽ രണ്ടിടത്ത് മാത്രമാണ് മരണ നിരക്ക് കുറഞ്ഞത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും 35 ശതമാനവും മധ്യ-ദക്ഷിണ ഏഷ്യയിൽ 16 ശതമാനവും.
''ഒരു സത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അനുഭവവും പ്രതീക്ഷയുമാണ് ഗര്‍ഭധാരണം. എന്നാല്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇപ്പോളും ഇത് ഒരു അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്''- ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം വ്യക്തമാക്കി. മാതൃമരണ നിരക്കിന്റെ ഈ കണക്കുകള്‍ ഓരോ സ്ത്രീക്കും ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ദരിദ്ര പ്രദേശങ്ങളിലും സംഘര്‍ഷബാധിത രാജ്യങ്ങളിലുമാണ് മാതൃമരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും യുഎന്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ മാതൃമരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തത് ആഫ്രിക്കയിലാണ്. ഓരോ 100,000 ജനനങ്ങള്‍ക്കും 545 മാതൃമരണങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതലത്തില്‍ 10ല്‍ 7 മാതൃമരണങ്ങളും ഇവിടെയാണ് നടക്കുന്നത്.