കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍ സ്‌കൂളിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്നതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഗാസയിലുടനീളമുള്ള മൂന്ന് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ അക്രമം. സ്‌കൂളുകള്‍ ഒരു 'ഹമാസ് ആസ്ഥാനം' ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേലിൻ്റെ ആക്രമണം.
സ്കൂളുകളിൽ കഴിഞ്ഞവർ പ്രഭാത പ്രാര്‍ഥന നടത്തുമ്പോളായിരുന്നു മിസൈൽ ആക്രമണം. കൂട്ടക്കൊലയുടെ ഭീകരത കാരണം മെഡിക്കല്‍ ടീമുകള്‍, സിവില്‍ ഡിഫന്‍സ്, ദുരിതാശ്വാസ എമര്‍ജന്‍സി ടീമുകള്‍ മണിക്കൂറുകൾക്ക് ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ബോംബാക്രമണം നടന്ന ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പലസ്തീനികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹോസം ഷബാത്ത് പറയുന്നു. പ്രദേശത്തേക്കുള്ള ജലവിതരണം ഇസ്രയേല്‍ സൈന്യം വിച്ഛേദിച്ചതിനാല്‍ തീപിടിത്തത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ രക്ഷാസംഘത്തിന് കഴിയുന്നില്ലെന്നും ഷബാത്ത് പറഞ്ഞു.
ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളില്‍ ഓഗസ്റ്റ് നാലിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പലസ്തീന്‍ സംഘടനയ്ക്കെതിരെ പൂര്‍ണതോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചശേഷം 'ഹമാസ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളില്‍' നിന്ന് പ്രവര്‍ത്തിക്കുന്ന പരിസരത്ത് 'ഭീകരര്‍' ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേലിൻ്റെ ആക്രമണം.
ഗാസയ്ക്കെതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ 39,699 പേര്‍ കൊല്ലപ്പെടുകയും 91,722 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിരുന്നു.