ABED ZAGOUT
WORLD

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ടത് 11,000-ത്തിലധികം വിദ്യാർഥികൾ; തകര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും

വെബ് ഡെസ്ക്

ഒക്‌ടോബർ ഏഴ് മുതൽ ഗാസ മുനമ്പിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 11,000-ത്തിലധികം വിദ്യാർഥികൾ. 17,224 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 113 വിദ്യാർഥികൾ കൊല്ലപ്പെടുകയും 548 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവിടെ നിന്ന് 429 വിദ്യാർഥികളെ ഇസ്രയേൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പലസ്തീനിലെ അധ്യയന വർഷം ഔദ്യോഗികമായി ആരംഭിച്ച് ഒരാഴ്‌ച കഴിഞ്ഞാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഇസ്രയേൽ സൈന്യം ഇതുവരെ ഗാസയിലെ 123 സ്കൂളുകളും സർവകലാശാലകളും നശിപ്പിച്ചതായി ഗാസ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. വടക്കൻ ഗാസ മുനമ്പിലെ ബെയ്റ്റ് ഹനൂനിൽ, ഭൂരിഭാഗം യുഎൻആർഡബ്ല്യുഎ, സർക്കാർ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്നതായി ദേശീയ മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

പലസ്തീൻ അഭയാർഥികൾക്കായി യുഎൻ ഏജൻസി നടത്തുന്ന ഒമ്പത് സ്കൂളുകൾ പൂർണമായും നശിപ്പിക്കപ്പെട്ടതായി അൽജസീറ ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ പലസ്തീനികൾക്ക് അഭയം നൽകിയ മറ്റ് മൂന്ന് സ്കൂളുകൾ ഭാഗികമായി നശിപ്പിക്കപ്പെട്ടു. അറുന്നൂറോളം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ ഇപ്പോൾ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് സർക്കാർ സ്‌കൂളുകളിലും ഒരു യുഎൻആർഡബ്ല്യുഎ-അഫിലിയേറ്റ് ചെയ്ത സ്കൂളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ ഗാസയിൽ 41,252 പേർ കൊല്ലപ്പെടുകയും 95,497 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗാസയിൽ സന്ധിയിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ഉറപ്പാക്കാൻ ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവയുടെ മധ്യസ്ഥതയിൽ മാസങ്ങളായി നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. അതേസമയം മധ്യസ്ഥരുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസ് വിദേശ കാര്യ വക്താവ് മാത്യു മില്ലർ, യുഎസ് ഒരു പുതിയ നിർദ്ദേശത്തിൽ വേഗത്തിൽ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേലിനോ ഹമാസിനോ കൂടുതൽ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മജീദ് അൽ അൻസാരി പ്രതികരിച്ചില്ല. "എപ്പോൾ വേണമെങ്കിലും ഒരു കരാർ നടക്കാനുള്ള സാധ്യതയുണ്ട് എന്നതിനാൽ, തീർച്ചയായും ഞങ്ങൾ എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷയോടെ തുടരും,” അദ്ദേഹം പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും