WORLD

പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നു; ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓക്‌സ്ഫാം

സമ്പൂര്‍ണ ഉപരോധനത്തിന് ശേഷം ആവശ്യമായതിന്റെ രണ്ട് ശതമാനം ഭക്ഷണം മാത്രമാണ് ഗാസയിലേക്ക് പ്രവേശിപ്പിച്ചത്

വെബ് ഡെസ്ക്

പലസ്തീന് നേരെയുള്ള ഇസ്രയേലിന്റെ ക്രൂരത അവസാനമില്ലാതെ തുടരുകയാണ്. യുദ്ധത്തിന്റെ ഭാഗമായി പലസ്തീനിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ ഇസ്രയേല്‍ നിരോധിച്ചിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഓക്‌സ്ഫാം (ഓക്‌സ്‌ഫോര്‍ഡ് കമ്മിറ്റി ഫോര്‍ ഫാമിന്‍ റിലീഫ്) കുറ്റപ്പെടുത്തി. ഉപരോധത്തിലുള്ള ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കള്‍ നല്‍കാനുള്ള ആഹ്വാനവും ഓക്‌സ്ഫാം പുതുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധത്തിന് പുറമേ ഗാസയിലേക്കുള്ള ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ 6,600 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഗാസയിലേക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 70ല്‍ കുറവ് ദുരിതാശ്വാസ ട്രക്കുകള്‍ മാത്രമാണ് ഗാസയിലേക്ക് പ്രവേശിപ്പിച്ചത്.

അതേസമയം, സമ്പൂര്‍ണ ഉപരോധനത്തിന് ശേഷം ആവശ്യമായതിന്റെ രണ്ട് ശതമാനം ഭക്ഷണം മാത്രമാണ് ഗാസയിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഓക്‌സ്ഫാം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അടിയന്തര ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിദിനം 104 ട്രക്ക് ഭക്ഷണമെങ്കിലും ഗാസയിലേക്ക് നല്‍കണമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. യുദ്ധത്തിന്റെ മാര്‍ഗമായി പട്ടിണിയെ കണക്കാക്കരുതെന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തെയും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോടും അംഗങ്ങളോടും ആവശ്യപ്പെട്ട ഓക്‌സ്‌ഫോര്‍ഡ്, ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തു.

''സാഹചര്യങ്ങള്‍ ഭയാനകമാണ്. എവിടെയാണ് മനുഷ്യത്വം. ദശലക്ഷക്കണക്കിന് പൗരന്മാരാണ് ലോകത്തിന്റെ മുന്നില്‍ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുന്നത്. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ലോകനേതാക്കള്‍ ഇരുന്ന് കാഴ്ച കാണാതെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്''- ഓക്‌സ്ഫാം പശ്ചിമേഷ്യയുടെ ഡയറക്ടറായ സല്ലി അബി ഖലീല്‍ അല്‍ജസീറയോട് പറഞ്ഞു. സ്ഥിരമായ ബോംബാക്രമണത്തില്‍ കുട്ടികള്‍ മാനസികമായി തകർന്ന നിലയിലാണ് . അവരുടെ കുടിവെള്ളം മലിനമാക്കപ്പെട്ടു. ഗാസക്കാര്‍ ഇനിയും എത്രത്തോളം സഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖലീല്‍ ചോദിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ