നൊബേൽ സമ്മാന ജേതാവായ ചിലിയൻ കവി പാബ്ലോ നെരൂദയുടെ മരണം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിയുന്നു. നെരൂദയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. നെരൂദയുടെ ശരീരത്തില്‍ ക്ലോസ്ട്രീഡിയം ബോടുലിനത്തിന്റെ ഉയര്‍ന്ന സാന്നിധ്യം കണ്ടെത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ട്. നെരൂദയുടെ അനന്തരവന്‍ റൊഡൊള്‍ഫോ റെയ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ 50 വർഷങ്ങൾ നീണ്ട നിഗൂഢതയ്ക്കാണ് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നത്. വിദഗ്ധ പഠനത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കും.
പ്രസിഡന്റ് സാൽവഡോർ അലൻഡെയുടെ ജനാധിപത്യ സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം അധികാരത്തിലേറി 12 ദിവസങ്ങൾക്ക് ശേഷം 1973 സെപ്തംബർ 23-നായിരുന്നു നെരൂദയുടെ മരണം. പ്രോസ്റ്റേറ്റ് ക്യാൻസറും, പോഷകാഹാരക്കുറവുമാണ് നെരൂദയുടെ മരണത്തിന് കാരണമെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. എന്നാൽ, കൊലപാതകമാണെന്ന് അന്നേ സംശയം ഉയർന്നിരുന്നു. പിന്നീട് നെരൂദയുടെ മുൻ ഡ്രൈവർ മാനുവൽ അരയ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിക്കുന്നത്. ആശുപതിയിൽ ഉറക്കത്തിലായിരുന്ന സമയത്ത് സംശയാസ്പദമായി കുത്തിവയ്പ് നടത്തിയിരുന്നതായി നെരൂദയുടെ ഫോൺ കോൾ വന്നെന്നായിരുന്നു ജഡ്ജിയോട് മനുവലിന്റെ വെളിപ്പെടുത്തൽ. തുടർന്നായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
നെരൂദയുടെ മരണം കൊലപാതകമാണെന്ന് അനന്തരവനായ റോഡോൾഫോ റെയ്‌സ് നേരത്തെ മുതൽ പറയുന്നുണ്ടായിരുന്നു. ചിലിയുടെ മിലിട്ടറി നേതാവായിരുന്ന അഗസ്റ്റോ പിനോഷെയുടെ സ്വേച്ഛാധിപത്യ രീതികളോടുള്ള ചെറുത്തു നിൽപ്പാണ് ഇത്തരത്തിലൊരു മരണം അദ്ദേഹത്തിന് സംഭവിക്കാൻ കാരണമായതെന്നാണ് റോഡോൾഫോ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 'അസ്ഥികളിൽ നിന്ന് സ്വാഭാവികമായി ക്ലോസ്ട്രിഡിയം സാന്നിധ്യം കണ്ടെത്താൻ യാതൊരു സാധ്യതയുമില്ല. അതിന്റെയർഥം കൊലപാതകത്തിന് ക്ലോസ്ട്രിഡിയം ഉപയോഗിച്ചു എന്നാണ് ' റോഡോൾഫോ പറഞ്ഞു. മരണത്തിന് തൊട്ടുമുൻപ് കാൻസർ ബാധയെ തുടർന്ന് നെരൂദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചത്. ഡെന്മാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളിൽ കണ്ടെത്തിയതെന്ന് റോഡോൾഫോ പറഞ്ഞു.
നിയമനിർമാതാവും നയതന്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ കവിയായിരുന്നു പാബ്ലോ നെരൂദ. 1904 ജൂലൈ 12 ന് ജനനം. 13-ാം വയസിൽ കവിതയെഴുതാൻ നെരൂദ ആരംഭിച്ചു. അർജന്റീന, മെക്സിക്കോ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നെരൂദ നിരവധി നയതന്ത്ര സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കവിതയും രാഷ്ട്രീയവും ജീവിതത്തിൽ ഒരുപോലെ കൊണ്ടുപോയ വ്യക്തിയായിരുന്നു നെരൂദ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന നെരൂദ ഒരിക്കൽ സെനറ്റർ പദവി വഹിച്ചിട്ടുണ്ട്. 1946 മുതൽ 1952 വരെ ചിലി ഭരിച്ച പ്രസിഡന്റ് ഗബ്രിയേൽ ഗോൺസാലസ് വിഡെലയുടെ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന് പ്രവാസ ജീവിതം നയിക്കേണ്ട വന്ന നെരൂദ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത് സാൽവഡോർ അലൻഡെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 1952 ലാണ്.
നെരൂദയുടെ അസ്ഥികൾ പരിശോധനയ്ക്കായി നാല് രാജ്യങ്ങളിലെ ഫോറൻസിക് ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു. 2015 ൽ ചിലി സർക്കാർ നെരൂദയുടെ മരണത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. നെരൂദയ്ക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഇല്ലായിരുന്നുവെന്ന് 100 % ഉറപ്പാണെന്ന് വിദേശത്തുള്ള ചില ആരോഗ്യ വിദഗ്ധർ ഉറപ്പിച്ചു പറഞ്ഞിരുന്നു. കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെയും കോപ്പൻഹേഗൻ സർവകലാശാലയിലെയും വിദഗ്ധർ നടത്തിയ ഗവേഷണത്തിൽ ശവപ്പെട്ടിയിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ ഉള്ള ബാക്ടീരിയകൾ നെരൂദയുടെ മൃതദേഹത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും റെയ്‌സ് പറഞ്ഞു.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നെരൂദയെ കണ്ടിരുന്നുവെന്നും അന്നത്തെ ചിലി സർക്കാരിന്റെ അവകാശവാദത്തിന് വിപരീതമായി 100 കിലോഗ്രാം ഭാരം അന്ന് നെരൂദയ്ക്ക് ഉണ്ടായിരുന്നുവെന്നും ചിലിയിലെ മെക്‌സിക്കോയുടെ അംബാസഡറായിരുന്ന ഗോൺസാലോ മാർട്‌നസ് കോർബാല വ്യക്തമാക്കിയിരുന്നു. മരണാനന്തരം പ്രസിദ്ധീകരിച്ച നെരൂദയുടെ ഓർമക്കുറിപ്പായ 'കോൺഫിയെസോ ക്യൂ ഹെ വിവിഡോ'യിൽ സിലോണിൽ യുവനയതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സമയത്ത് വീട്ടു ജോലിക്കാരിയായ തമിഴ് സ്ത്രീയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചിരുന്നു. എന്നാൽ, നെരൂദയുടെ പ്രവൃത്തികൾ അദ്ദേഹത്തിന്റെ എഴുത്തിന്റെ മൂല്യം കുറച്ചില്ലെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഇസബെൽ അലൻഡെ പറഞ്ഞിരുന്നു.