പാകിസ്താനില്‍ നികുതി വര്‍ധിപ്പിച്ചുള്ള ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോൾ ലിറ്ററിന് 22.20 രൂപ വർധിപ്പിച്ച് 272 രൂപയും അതിവേഗ ഡീസലിന്റെ വില 17.20 രൂപ വർധിപ്പിച്ച് ലിറ്ററിന് 280 രൂപയായും വർധിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന പാകിസ്താനിലെ ജനങ്ങൾക്ക് മേൽ അടുത്ത പ്രഹരമേൽപ്പിക്കുന്നതാണ് പുതിയ തീരുമാനം. ഡോളറിനെതിരെ പാതിസ്താൻ രൂപയുടെ മൂല്യത്തകർച്ചയാണ് കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് ധനകാര്യ വിഭാഗത്തിന്റെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ എണ്ണയുടെയും വില യഥാക്രമം 12.90 രൂപയും 9.68 രൂപയുമായും വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ഐഎംഎഫിന്റെ സഹായഹസ്തമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഐഎംഎഫ്‌നെ തൃപ്തിപ്പെടുത്താനായാണ് നുകുതി വര്‍ധിപ്പിക്കാനായുള്ള പുതിയ തീരുമാനം. വായ്പ ലഭിക്കാന്‍ ഐഎംഎഫ് മുന്നോട്ട് വച്ച് ഉപാധികള്‍ ചിന്തിക്കാവുന്നതിനുമപ്പുറമാണെന്നും എന്നാല്‍ ഇവ അംഗീകരിക്കാതെ മറ്റ് വഴിയില്ലെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. 700 കോടി ഡോളറിന്റെ വായ്പയാണ് ഐഎംഎഫിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ഐഎംഎഫ്‌ന്റെ മുന്‍വ്യവസ്ഥകളിലൊന്നാണ്.
ഇന്ധന വില വര്‍ധനവും ഇടക്കാല ബഡ്ജറ്റിലെ പുതിയ സാമ്പത്തിക നടപടികളും, ഇതിനകം തന്നെ റെക്കോർഡ് വര്‍ധനയില്‍ എത്തിയ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കാനിടയാക്കും. 48 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിനാണ് പാകിസ്താന്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വഴി കണ്ടെത്താനാകാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
എണ്ണ വിലയ്‌ക്ക് പുറമെ പാൽ, മാംസം തുടങ്ങി അവശ്യ വസ്തുക്കളുടെയും വില വർദ്ധിച്ചിട്ടുണ്ട്. നിലവിൽ പാൽ ഒരു ലിറ്ററിന് 210 രൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപയുമാണ് വില.
വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ തകര്‍ന്നതും പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴംകൂട്ടി. കയറ്റുമതി കുറഞ്ഞതോടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. ഇതോടെ, ഡോളറിനെതിരെ പാകിസ്താന്‍ കറന്‍സി ഏറ്റവും ദുര്‍ബലമായ നിരക്കിലത്തി. നികുതി വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടി കിട്ടിയ അവസ്ഥയാണ്. കടബാധ്യതകളും രാഷ്ട്രീയ പ്രതിസന്ധിയും സുരക്ഷാഭീഷണികളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലെത്തിച്ചെന്നാണ് വിലയിരുത്തലുകള്‍.