ഇമ്രാൻ ഖാൻ  
WORLD

സൈഫർ കേസ്: ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കുറ്റപത്രം

നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെയും ഷാ മഹ്‌മൂദ് ഖുറേഷിയുടെയും വിചാരണ ഉടനെ ആരംഭിക്കണമെന്നും എഫ്ഐഎ കോടതിയോട് അഭ്യര്‍ത്ഥിച്ചു

വെബ് ഡെസ്ക്

സൈഫര്‍ കേസില്‍ മുന്‍ പാക് പ്രധാനമന്ത്രിയും തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നോതുവമായ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയും കുറ്റക്കാരെന്ന് പാക് അന്വേഷണ ഏജന്‍സി. ഇരുവര്‍ക്കുമെതിരേ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ഇന്ന് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെയും ഷാ മഹ്‌മൂദ് ഖുറേഷിയുടെയും വിചാരണ ഉടനെ ആരംഭിക്കണമെന്നും എഫ്ഐഎ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാൽ പിടിഐയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആസാദ് ഉമറിനെ എഫ്‌ഐഎയുടെ കുറ്റാരോപിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അസം ഖാനെ കേസില്‍ ഇമ്രാനെതിരെയുള്ള പ്രധാന ദൃക്‌സാക്ഷിയായി എഫ്‌ഐഎ ഹാജരാക്കിയിട്ടുമുണ്ട്. 161, 164 വകുപ്പുകള്‍ പ്രകാരം അന്വേഷണ റിപ്പോര്‍ട്ടില്‍ അസം ഖാന്റെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 27ന് ഇമ്രാന്‍ ഖാന്റെയും ഷാ മഹമൂദ് ഖുറേഷിയും നടത്തിയ പ്രസംഗങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റും എഫ്‌ഐഎ കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, കുറ്റപത്രത്തിനൊപ്പം 28 സാക്ഷികളുടെ പട്ടികയും എഫ്‌ഐഎ കോടതിയില്‍ സമര്‍പ്പിച്ചതായി പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ സെക്രട്ടറി ആസാദ് മജീദ്, മുന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹ്‌മൂദ്, അഡീഷണല്‍ വിദേശകാര്യ സെക്രട്ടറി ഫൈസല്‍ നിയാസ് തിര്‍മിസി എന്നിവരുടെ പേരുകളും സാക്ഷി പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാഷിംഗ്ടണിലെ പാക്‌ എംബസി അയച്ച രഹസ്യ കോഡുകളായ സൈഫര്‍ പരസ്യമായി വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ ആരോപണം. പോലീസും തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ദീര്‍കാല സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ ഖാനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ റിമാന്‍ഡ് ആദ്യം സെപ്റ്റംബര്‍ 13 വരെയും പിന്നീട് സെപ്റ്റംബര്‍ 26 വരെയും കോടതി നീട്ടുകയായിരുന്നു.

അതേസമയം, മെയ് 9ന് നടന്ന സര്‍ക്കാര്‍ വിരുദ്ധ അക്രമം ആസൂത്രണം ചെയ്യുന്നതില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റ് നിരവധി ഉന്നത നേതാക്കള്‍ക്കും നേരിട്ട് പങ്കുണ്ടെന്നറിയിച്ച് സംയുക്ത അന്വേഷണ സംഘം വ്യാഴാഴ്ച തീവ്രവാദ വിരുദ്ധ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ