കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം മലേഷ്യയിൽ പിടിച്ചിട്ടതായി റിപ്പോർട്ട്. കോലാലംമ്പൂർ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായതെന്ന് പാകിസ്താൻ മാധ്യമമായ എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നാല് ദശലക്ഷം ഡോളറിന്റെ കുടിശികയാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനുള്ളതെന്നാണ് വിവരം. മലേഷ്യൻ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. സമാനമായ പ്രശ്നത്തെ തുടർന്ന് രണ്ട് വർഷം മുൻപും ഇതേ വിമാനം പിടിച്ചെടുത്തിരുന്നു. പിന്നീട് പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വിമാനം വിട്ടുനൽകിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കടബാധ്യതയും പണപ്പെരുപ്പവുമെല്ലാം കൊണ്ട് പാകിസ്താൻ നട്ടം തിരിയുന്ന അവസ്ഥയിലാണ് പുതിയ വെല്ലുവിളി കൂടി ഉണ്ടാകുന്നത്. ഐഎംഎഫിന്റെ പക്കൽ നിന്നുള്ള പണവും ഇതുവരെ ലഭിക്കാത്തത് വെള്ളപ്പൊക്കവും മറ്റ് പ്രശ്നങ്ങളും ബാധിച്ച രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.