WORLD

അൽ ഖാദിർ ട്രസ്റ്റ് കേസ്: ഇമ്രാൻ ഖാനെ എട്ട് ദിവസത്തേക്ക് റിമാൻഡിൽ; തോഷ്ഖാന കേസിലും കുറ്റം ചുമത്തി

അഴിമതി കേസുകളിൽ ചോദ്യം ചെയ്യുന്നതിനായി ഇമ്രാൻ ഖാനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടിരുന്നു

വെബ് ഡെസ്ക്

അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ അക്കൗണ്ടബിലിറ്റി കോടതി എട്ട് ദിവസത്തെ എൻഎബി (നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ) കസ്റ്റഡിയിൽ വിട്ടു. അഴിമതി കേസുകളിൽ ചോദ്യം ചെയ്യുന്നതിനായി ഇമ്രാൻ ഖാനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തോഷ്ഖാന കേസിലും പിടിഐ മേധാവിക്കെതിരെ പ്രത്യേക സെഷൻസ് കോടതി കുറ്റം ചുമത്തി. അൽ-ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇമ്രാനെ ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നും പോലീസ് സേനയായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തത്. കേസിൽ ഹാജരാകാൻ നിരവധി തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.

അൽ ഖാദിർ ട്രസ്റ്റ് കേസിന്റെ വാദം കേൾക്കുന്നതിനിടെ, ഇമ്രാൻ ഖാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് അഴിമതി നിരീക്ഷണ വിഭാഗം കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ അഭിഭാഷകൻ ഖവാജ ഹാരിസ് ഈ ആവശ്യത്തെ എതിർത്തു. കേസ് ബ്യൂറോയുടെ പരിധിയിൽ വരുന്നതല്ലെന്നും എൻഎബി അന്വേഷണ റിപ്പോർട്ട് പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ വിചാരണയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഖവാജ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഇമ്രാന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ച വാദങ്ങളെ എൻഎബി പ്രോസിക്യൂട്ടർ കോടതിയിൽ എതിർത്തു. ഇമ്രാനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് കാണിച്ചിരുന്നതായി എൻഎബി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അൽ ഖാദിർ ട്രസ്റ്റ് കേസ് യുകെയുടെ നാഷണൽ ക്രൈം ഏജൻസി അന്വേഷിച്ച അഴിമതിക്കേസാണെന്നും ലഭിച്ച പണം പാകിസ്താൻ സർക്കാരിന് കൈമാറാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തോഷ്ഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. അഡീഷണൽ, ജില്ലാ സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ ആണ് തോഷഖാന കേസിൽ വാദം കേൾക്കുന്നത്. കേസിൽ പിടിഐ മേധാവിക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നതാണ് കേസ്. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്. 

അതേസമയം, ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏകദേശം 1,000 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിഷേധത്തിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ