അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്ന്നുപോകുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താനുള്ള 24മത് വായ്പയില്‍ ഐഎംഎഫ് തീരുമാനം വൈകുകയാണ്. സാമ്പത്തിക സഹായം നല്‍കിയിരുന്ന സൗദി അറേബ്യയും യുഎഇയും സൗജന്യങ്ങള്‍ തുടരില്ലെന്ന് പാകിസ്താന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഐഎംഎഫ് സഹായഹസ്തം നീട്ടുന്നില്ലായെങ്കില്‍ പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് വീണുപോകുമെന്ന് അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താന്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും അവസാനത്തോളം അതില്‍ തുടരുകയും വേണമെന്നാണ് അറബ് രാജ്യങ്ങളുടെ പക്ഷം. ഇക്കാര്യം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും കരസേനാ മേധാവി ജനറല്‍ അസീം മുനീറിനോടും അവര്‍ അറിയിച്ചിട്ടുണ്ടെന്ന് അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം രാഷ്ട്രീയ സാഹചര്യമാണോ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം? അതോ നേരേ തിരിച്ചാണോ? അത്രത്തോളം പ്രവര്‍ത്തനസജ്ജമല്ലാത്ത രാജ്യത്തോടൊപ്പം അസ്തിത്വപരമായ ബഹുമുഖ രാഷ്ട്രീയ പ്രതിസന്ധികളെയും സാമ്പത്തിക അസ്ഥിരതയെയുമാണ് പാകിസ്താന്‍ അഭിമുഖീകരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തെയും അവരുടെ കടബാധ്യതയേക്കാളും മേലെയാണത്. ഹ്രസ്വകാല പദ്ധതികളോ രാഷ്ട്രീയ എന്‍ജിനീയറിങ്ങോ ഇക്കുറി പരിഹാരമായേക്കില്ല. ആര്‍ക്കും ആവശ്യമില്ലാത്ത മുന്‍കാല നയങ്ങളില്‍ വിപ്ലവകരമായ മാറ്റമാണ് രാജ്യത്തിന് ആവശ്യം.
കയറ്റുമതി കുറഞ്ഞതോടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. ഇതോടെ, ഡോളറിനെതിരെ ദുര്‍ബലമായ രൂപയുമായാണ് പാകിസ്താന്‍ സാമ്പത്തിക പുനരുജ്ജീവനത്തിനായി കേഴുന്നത്.
ഐഎംഎഫ് വായ്പ മാസങ്ങളോളം വൈകിയിരിക്കുകയാണ്. ഇതോടെ, സാമ്പത്തിക സഹായത്തില്‍ കണ്ണുനട്ട് ഷെരീഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ പദ്ധതികള്‍ ഉള്‍പ്പെടെ ഉപേക്ഷിച്ചു. വിപണിയെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ തകര്‍ന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടി. കയറ്റുമതി കുറഞ്ഞതോടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. ഇതോടെ, ഡോളറിനെതിരെ ദുര്‍ബലമായ രൂപയുമായാണ് പാകിസ്താന്‍ സാമ്പത്തിക പുനരുജ്ജീവനത്തിനായി കേഴുന്നത്. പാകിസ്താനെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും കഴിയില്ല. രാഷ്ട്രീയ നേതൃത്വം പരസ്പരം പോരാടുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ ആവശ്യങ്ങളില്‍ ഇടപെടണമെന്നും അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിയന്തര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രതിസന്ധിയുടെ ആഴങ്ങളിലേക്കാകും രാജ്യം വീഴുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തിനോ ജനതയ്‌ക്കോ ഒരു നേട്ടവുമില്ലാത്ത തരത്തില്‍ ഷെരീഫും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തുടരുന്ന രാഷ്ട്രീയപോരാട്ടം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലേക്കാണ് നയിക്കുന്നത്. അതിനിടെയാണ് രാജ്യം മികച്ചൊരു സാമ്പത്തിക നയത്തിനായി കേഴുന്നത്. അടിയന്തര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രതിസന്ധിയുടെ ആഴങ്ങളിലേക്കാകും രാജ്യം വീഴുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താന്റെ സാമ്പത്തിക അസ്ഥിരതയില്‍ അമേരിക്ക ആശങ്ക ആവര്‍ത്തിച്ചിട്ടുണ്ട്. തിരിച്ചറിയേണ്ടതും പരിഹരിക്കേണ്ടതുമായ വെല്ലുവിളിയാണെന്നാണ് വിദേശ മന്ത്രാലയം വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, പാകിസ്താന് ഐഎംഎഫ് വായ്പ ലഭിക്കുന്നതിനുവേണ്ടി ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്യാനില്ലെന്ന സൂചനയാണ് അമേരിക്കയും നല്‍കുന്നത്.