WORLD

പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി, നാമനിര്‍ദേശ പത്രിക തള്ളി

വെബ് ഡെസ്ക്

2024 പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് തിരിച്ചുവരാമെന്നുള്ള പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ചോദ്യം ചെയ്ത് ഇമ്രാന്‍ പാക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കോടതി വിലക്ക് റദ്ദാക്കാന്‍ വിസമ്മതിച്ചു. കോടതിയില്‍ നിന്നു തിരിച്ചടിയേറ്റിട്ടും ഇമ്രാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചതിനു പുറമേ ഇമ്രാന്‍ പ്രചരണത്തിനും തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി വോയ്സ് ക്ലോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ജയിലില്‍ കഴിഞ്ഞുകൊണ്ടു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണെന്നതിനാലാണ് ഇമ്രാന്റെ പത്രിക തള്ളിയതെന്നു പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സൂഷ്മപരിശോധന നടത്തുന്നതിനുള്ള അവസാന ദിനമായ ഇന്ന് ഇമ്രാന്റെ പത്രിക മാത്രമാണ് തള്ളിയത്.

2018ല്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പിന്തുണയോടെ പ്രധാനമന്ത്രിപദമേറിയ ഇമ്രാനെ കഴിഞ്ഞ വര്‍ഷമാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കിയത്. തനിക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫിനെതിരെ വലിയതോതിലുള്ള പ്രചാരണവും ഇമ്രാന്‍ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തോഷകാന കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുന്നത്. ഏകദേശം 150 ലധികം കേസുകളാണ് നിലവില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ളത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും