പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീക്-ഇ-ഇൻസാഫിന്റെ (പിടിഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. രാജ്യവ്യാപകമായ അക്രമസംഭവങ്ങൾക്കും മൊബൈൽ നെറ്റ് വർക്ക് ഷട്ട്ഡൗണിനും ഇടയിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വോട്ടെടുപ്പ് അവസാനിച്ചിരുന്നെങ്കിലും വോട്ടെണ്ണല്‍ വളരെ വൈകി ആരംഭിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് വഴിവച്ചിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞ് പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം, വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് (പ്രാദേശിക സമയം) ആദ്യ ഔദ്യോഗിക ഫലം പുറത്തുവന്നത്. നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലിം ലീഗിന്റെ പ്രധാനശക്തി കേന്ദ്രമായ പഞ്ചാബ് പ്രവിശ്യയിൽ പി ടി ഐ പിന്തുണയുള്ള സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നതായാണ് ആദ്യഘട്ട റിപ്പോർട്ടുകൾ. ഒപ്പം ഖൈബർ പക്തൂൺക്വ (കെപികെ) മേഖലയിലും പിടിഐക്കാണ് മുന്നേറ്റം. പി ടി ഐ നേതാവായ ഇമ്രാൻ ഖാനും പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിലെ നേതാക്കൾ സ്വതന്ത്രരായാണ് മത്സരിച്ചത്.
ഫലപ്രഖ്യാപനത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ പരാതിപ്പെടുകയും തിരഞ്ഞെടുപ്പ് അധികാരിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതോടെയാണ് അരമണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ എല്ലാ പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കും പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) നിർദ്ദേശം നൽകിയത്. അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. റിട്ടേണിങ് ഓഫീസർമാർ ഫലങ്ങൾ ഏകീകരിക്കുന്നതിൽ വന്ന താമസമാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് വരുത്താനുള്ള നീക്കമാണ് ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇന്നു രാവിലെയോടെ ഫലങ്ങൾ പുറത്തുവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സ്പെഷ്യൽ സെക്രട്ടറി സഫർ ഇക്ബാൽ അറിയിച്ചിരുന്നു.
പാർട്ടി 150 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയിച്ചതായും പഞ്ചാബിലും കെപികെയിലും സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യത്തിലാണെന്നും പിടിഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ അവകാശപ്പെട്ടിട്ടുണ്ട്. കൂടുതൽ കാലതാമസം കൂടാതെ എല്ലാ ഫലങ്ങളും പ്രഖ്യാപിക്കാനും അദ്ദേഹം ഇസിപിയോട് അഭ്യർത്ഥിച്ചു. നിലവിലെ രാജ്യത്ത് മൊബൈൽ നെറ്റ് വർക്ക് സൗകര്യം പുനഃസ്ഥാപിച്ചിട്ടില്ല. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്താനിലെ കാവൽ സർക്കാരിന്റെ നടപടി.