പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയും തെഹ്രീക് ഇ-ഇന്‍സാഫ് (പിടിഐ) വൈസ് ചെയര്‍മാനുമായ ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിലായി. ഇസ്ലാമാബാദിലെ വസതിയില്‍ വച്ചാണ് ഖുറേഷിയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) അറസ്റ്റ് ചെയ്തത്. സൈഫര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഖുറേഷിയുടെ അറസ്റ്റ്.
വലിയ പോലീസ് സന്നാഹമെത്തിയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. 'പിടിഐ വൈസ് ചെയര്‍മാന്‍ ഷാ മഹ്‌മൂദ് ഖുറേഷിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു' തെഹ്‌രീക് ഇ-ഇന്‍സാഫ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇമ്രാന്‍ ഖാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുകയും നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ഖുറേഷി അറസ്റ്റിലാകുന്നത്.
ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന പിടിഐയുടെ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് കേസുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
ഏതെങ്കിലും തരത്തിലുള്ള കോഡ് ഭാഷയില്‍ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയമാണ് സൈഫര്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈഫറുകള്‍ വഴി അതീവ രഹസ്യമായ വിവരങ്ങള്‍ കൈമാറിയെന്നാണ് ഇമ്രാന്‍ഖാനെതിരായ ആരോപണം. സ്വന്തം നേട്ടങ്ങള്‍ക്കായി വാഷിങ്ടണിലെ പാകിസ്താന്‍ എംബസിയിലേക്ക് രഹസ്യവിവരങ്ങള്‍ അയച്ചുവെന്നുമാണ് കണ്ടെത്തല്‍.