WORLD

പണപ്പെരുപ്പത്തില്‍ ശ്രീലങ്കയെ മറികടന്ന് പാകിസ്താന്‍; ഭക്ഷ്യ, പാചകവാതക ക്ഷാമം രൂക്ഷം

പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് പാകിസ്താന്‍. ശ്രീലങ്കയിലെ പണപ്പെരുപ്പം ഏപ്രിലിൽ 25.2 ശതമാനമായി കുറഞ്ഞിരുന്നു

വെബ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധിൽ നട്ടം തിരിയുന്ന പാകിസ്താനില്‍ പണപ്പെരുപ്പം 38 ശതമാനമായി വര്‍ധിച്ചു. 1957ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് മേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ഏഷ്യയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് പാകിസ്താനിലേത്. ഇതിനുമുൻപ് ശ്രീലങ്കയിലായിരുന്നു ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്ക്. എന്നാൽ ഏപ്രിലിൽ ശ്രീലങ്കയിലെ നിരക്ക് 25.2 ശതമാനമായി കുറഞ്ഞിരുന്നു. അതേസമയം, 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലാണ് ഇന്ത്യ, 4.7 ശതമാനം. ഇന്ത്യയുടെ ഭക്ഷ്യപണപ്പെരുപ്പം 3.8 ശതമാനവുമാണ്.

എന്നാല്‍ പാകിസ്താനില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പാക്കിസ്ഥാനിലെ ഭക്ഷ്യവിലപ്പെരുപ്പം ഏപ്രിലിലെ 48.1 ശതമാനത്തില്‍നിന്ന് മേയിൽ 48.7 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതക ക്ഷാമവും നേരിടുന്നുണ്ട്.

പ്രതിസന്ധി മറികടക്കുന്നതിന് കൂടുതൽ വായ്പ ലഭിക്കുന്നതിനായി ഐ.എം.എഫുമായുള്ള പാകിസ്താന്റെ ചർച്ചകൾ ഫലവത്തായിട്ടില്ല. ഐഎംഎഫ് നിബന്ധനകള്‍ അംഗീകരിക്കാന്‍ പാകിസ്താന്‍ വിമുഖത കാണിക്കുന്നതാണ് പ്രശ്നം. 2019ല്‍ വാഗ്ദാനം ചെയ്ത 1.1 ബില്യണ്‍ ഡോളര്‍ വായ്പയില്‍ കിട്ടാനുള്ള ബാക്കി തുകയ്ക്കാണ് പാകിസ്താന്‍ കാത്തിരിക്കുന്നത്.

പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും അനുസൃതമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഐഎംഎഫ് മിഷന്‍ മേധാവി നഥാന്‍ പോര്‍ട്ടര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഐഎംഎഫുമായുള്ള പാകിസ്ഥാന്‍ സർക്കാർ ചര്‍ച്ചകള്‍ കൂടുതല്‍ വഴിതെറ്റിയിരുന്നു.

പോര്‍ട്ടറുടെ പ്രസ്താവന പാകിസ്താന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വിമര്‍ശിച്ചിരുന്നു. രാജ്യത്തിന് ആവശ്യമായ 1.1 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നതിന് പകരം പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് പോര്‍ട്ടര്‍ അഭിപ്രായപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് അദ്ദേഹം നഥാന്‍ പോര്‍ട്ടറെ പരിഹസിച്ചിരുന്നു.

ഈ മാസം ഐഎംഎഫ് കൂടിക്കാഴ്ച നടക്കാത്തതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണ്. ചൈന തങ്ങളുടെ സാമ്പത്തിക സഹായത്തിന് എത്തുമെന്ന് പാകിസ്താന്‍ കരുതുന്നുണ്ടെങ്കിലും മെയ് ഒൻപതിന് രാജ്യം അഭിമുഖീകരിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍.

പാകിസ്ഥാന്‍ കരസേനയെ ലക്ഷ്യംവച്ചുള്ള പാക് തെഹ്‌രികെ ഇൻസാഫ് അധ്യക്ഷൻ ഇമ്രാന്‍ ഖാന്റെ അനുയായികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം വലിയ പ്രതിസന്ധിയിലാണ് രാജ്യം. ലാഹോറിലെ ജിന്നാ ഹൗസ് വസതിയില്‍ പിടിഐ അനുകൂലികള്‍ മെയ് ഒൻപതിന് തീയിട്ടതിനെത്തുടര്‍ന്ന് സൈനികര്‍ക്കിടയില്‍ ഭിന്നതയുണ്ട്. പാകിസ്ഥാന്‍ ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും സൈന്യവും വ്യത്യസ്ത ചേരിയിലായതിനാല്‍ ബലൂചിസ്ഥാന്‍, സിന്ധ്, തെഹ്രീക്-ഇ-താലിബാന്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്നുവരുന്ന കലാപങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന്‍ പൊറുതിമുട്ടുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ