WORLD

പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; ഓഗസ്റ്റ് 9ന് പാർലമെന്റ് പിരിച്ചുവിട്ടേക്കും

പാകിസ്താൻ സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല

വെബ് ഡെസ്ക്

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് ഒൻപതിന് പാകിസ്താൻ പാർലമെന്റ് പിരിച്ചുവിടാൻ നിർദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. നിയമനിർമാണ സഭയുടെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് പിരിച്ചുവിടുന്നത്. സഖ്യകക്ഷി സർക്കാരിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അത്താഴവിരുന്നിൽ പങ്കെടുത്തവരിൽനിന്നെല്ലാം പ്രധാനമന്ത്രി അഭിപ്രായങ്ങൾ തേടിയതായാണ് വിവരം. ഇടക്കാല സർക്കാർ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

മാസങ്ങളായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ മൂലം പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ എന്ന ആശങ്കകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റ് പിരിച്ചുവിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാക് പാർലമെന്റിന്റെ അഞ്ച് വർഷത്തെ കാലാവധി ഓഗസ്റ്റ് 12 നാണ് അവസാനിക്കുക. 2023ലെ ഡിജിറ്റൽ സെൻസസിന്റെ അടിസ്ഥാനത്തിലായിരിക്കും പാകിസ്താനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടക്കുകയെന്ന് നേരത്തെ ഷെഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഏകദേശം 22 കോടിയാണ് പാകിസ്താനിലെ ജനസംഖ്യ.

തിരഞ്ഞെടുപ്പ് നടത്തുന്നതിനായി സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് സഖ്യകക്ഷികളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ പാകിസ്താൻ സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.

അതേസമയം പാർലമെന്റ് നേരത്തെ പിരിച്ചുവിടുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാർട്ടിയുമായുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കാൻ ഷെഹബാസ് ഷെരീഫിനും സഖ്യകഷികൾക്കും കൂടുതൽ സമയം ലഭിക്കുന്നതിന് സഹായിക്കും. പാർലമെന്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപായി അധികാരം കൈമാറിയാൽ പൊതു തിരഞ്ഞെടുപ്പ് നടത്താനായി ഇടക്കാല സർക്കാരിന് 90 ദിവസത്തെ സമയമുണ്ട്. അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാനെ 2022 ഏപ്രിലിൽ പുറത്താക്കിയതിനെ തുടർന്നാണ് ഷെഹബാസ് ഷെരീഫ് അധികാരത്തിലെത്തിയത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ