വിവാദമായ ഔദ്യോഗിക രഹസ്യ നിയമഭേദഗതി ബില്ലിനും സൈനിക നിയമഭേദഗതി ബില്ലിനും താന്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് പാകിസ്താന്‍ പ്രസിഡന്‌റ് ആരിഫ് അല്‍വി. ഇരു ബില്ലുകളും നിയമമായതിന് പിന്നാലെയാണ് ജീവനക്കാര്‍ തന്‌റെ നിര്‍ദേശം അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി പാക് പ്രസിഡന്‌റ് രംഗത്തെത്തിയത്. ഇമ്രാൻ ഖാന്റെ പാകിസ്താന്‍ തെഹരീഖ് ഇ ഇന്‍സാഫ് പാര്‍ട്ടി, പ്രസിഡന്‌റിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ രാജി ആവശ്യവുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മുസ്ലിംലീഗും (എന്‍) രംഗത്തെത്തി.
രണ്ട് നിയമങ്ങളും പ്രാബല്യത്തില്‍ വന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവന്നത്. പുതിയ ഔദ്യോഗിക രഹസ്യ നിയമത്തിന്‌റെ അടിസ്ഥാനത്തില്‍ പിടിഐ ഉപനേതാവും മുന്‍മന്ത്രിയുമായ ഷാ മുഹമ്മദ് ഖുറേഷിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മൈക്രോബ്ലോഗിങ് സൈറ്റായ എക്‌സിലൂടെ പ്രസിഡന്‌റിന്‌റെ വെളിപ്പെടുത്തല്‍. അതേസമയം പ്രസിഡന്‌റിന്‌റെ വാര്‍ത്ത കുറിപ്പോ ഔദ്യോഗിക സ്വഭാവമുള്ള അറിയിപ്പോ വിഷയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
''ദൈവമാണ് എന്റെ സാക്ഷി. ഔദ്യോഗിക രഹസ്യ ഭേദഗതി ബില്‍ 2023, സൈനിക നിയമ ഭേദഗതി ബില്‍ 2023 എന്നിവയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല. ഈ നിയമങ്ങളോട് ഞാന്‍ വിയോജിക്കുന്നു. ബില്ലില്‍ ഒപ്പുവയ്ക്കാതെ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ മടക്കി അയയ്ക്കാനാണ് ജീവക്കാരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പാലിക്കപ്പെട്ടെന്ന് പലതവണ ഞാന്‍ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ജീവനക്കാര്‍ തന്റെ ഉത്തരവും നിര്‍ദേശവും അട്ടിമറിച്ചുവെന്ന് ഇന്ന് മനസിലായി. ദൈവത്തിന് എല്ലാം അറിയാം. അദ്ദേഹം എല്ലാവരോടും ക്ഷമിക്കട്ടെ. നിയമം കൊണ്ട് ദുരിതം നേരിടേണ്ടി വരുന്നവരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു,'' ഡോ. ആരിഫ് ആല്‍വി എക്സില്‍ കുറിച്ചു.
ഔദ്യോഗിക രഹസ്യ നിയമ ഭേദഗതിയും സൈനിക നിയമഭേദഗതിയും
പാകിസ്താന്‍ സായുധ സേനയുടെ സുരക്ഷയ്ക്കും താത്പര്യത്തിനും വിരുദ്ധമായി ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഏതൊരു വ്യക്തിക്കും അഞ്ച് വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് സൈനിക നിയമ ഭേദഗതി. നിലവില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമല്ല, വിരമിച്ചവര്‍ക്കും നിബന്ധന ബാധകമാണ്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) അന്വേഷണം നടത്താന്‍ അനുവദിക്കുന്നതടക്കമാണ് ഔദ്യോഗിക രഹസ്യ നിയമത്തിലെ ഭേദഗതി.
ബില്‍ നിയമമാകുന്നത് എങ്ങനെ?
പാകിസ്താനിലെ നിയമപ്രകാരം പാര്‍ലമെന്‌റ് പാസാക്കിയ ബില്ലുകളിൽ, പ്രസിഡന്‌റിന് ലഭിച്ച് 10 ദിവസത്തിനകം തീരുമാനം എടുക്കണം. മണി ബില്‍ ഒഴികെയുള്ളവയില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ പ്രസിഡന്‌റിന് തിരിച്ചയയ്ക്കാം. ഭേദഗതി വരുത്തി പാര്‍ലമെന്‌റ് വീണ്ടും പ്രസിഡന്‌റിന് അയയ്ക്കും. അംഗീകാരത്തിന് എത്തിയ ബില്ലുകൾ 10 ദിവസത്തില്‍ പ്രസിഡന്‌റ് തിരിച്ചയക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെങ്കില്‍ അത് സ്വാഭാവികമായും നിയമമായി മാറുമെന്നാണ് രാജ്യത്തെ ചട്ടം.
ഇപ്പോൾ സംഭവിച്ചതെന്ത്?
ഓഗസ്റ്റ് ഒന്നിന് പ്രസിഡന്റിന് അംഗീകാരത്തിനായി അയച്ച പാകിസ്താന്‍ സൈനിക നിയമ ഭേദഗതി ബില്‍ 2023, ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. ഔദ്യോഗിക രഹസ്യ ഭേദഗതി ബില്‍ 2023, പ്രസിഡന്‌റിന്റെ അംഗീകാരത്തിനായി ഓഗസ്റ്റ് 8 ന് അയയ്ക്കുകയും അതേ ദിവസം തന്നെ ലഭിക്കുകയും ചെയ്തു. വിയോജിപ്പ് ഉണ്ടെങ്കില്‍ ആദ്യ നിയമം ഓഗസ്റ്റ് 12നകവും രണ്ടാം നിയമം ഓഗസ്റ്റ് 18 നകവും തിരിച്ചയക്കേണ്ടതാണ്. ഇതുണ്ടായില്ല. നിര്‍ദിഷ്ട സമയത്തിന് ശേഷം, അതും ഔദ്യോഗിക സംവിധാനത്തിലൂടെയല്ലതെ പ്രസിഡന്‌റ് നടത്തിയ വെളിപ്പെടുത്തലിന്റെ നിയമസാധുതയെന്തെന്ന ചര്‍ച്ച പാകിസ്താനില്‍ ഇപ്പോൾ കൊഴിക്കുകയാണ്.
പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ അസാധാരണവും ഭയാനകവും സങ്കല്‍പ്പിക്കാനാവാത്തതുമാണെന്നാണ് പിടിഐ പ്രതികരിച്ചു. രാജ്യത്തെ ഭരണസംവിധാനത്തില്‍ അടിമുടിബാധിച്ച പുഴുക്കുത്ത് തുറന്നുകാട്ടപ്പെട്ടെന്നും പാര്‍ട്ടി ആരോപിച്ചു. പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇരു നിയമങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിൽ ശക്തമായ എതിര്‍പ്പാണ് പിടിഐ ഉന്നയിച്ചത്. അതേസമയം പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് ഭരണകക്ഷികളായിരുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്താന്‍ മുസ്ലീംലീഗും (നവാസ്) രംഗത്തെത്തി.