38 വര്‍ഷത്തെ തന്‌റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് കടന്നുപോയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ദേശീയ അസംബ്ലിയിലെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പദത്തിലെ 16 മാസക്കാലത്തെ ഷെരീഫ് ഇങ്ങനെ വിശേഷിപ്പിച്ചത്. ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പ്രസിഡന്‌റിന് കൈമാറി. അതേസമയം കാവല്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനായില്ല.
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും പ്രളയമുള്‍പ്പെടെ നേരിട്ട പ്രകൃതി ദുരന്തങ്ങളും ഓര്‍മ്മപ്പെടുത്തിയാണ് ഏറ്റവും പ്രയാസമേറിയ കാലമെന്ന് ഷെബഹാസ് ഷെരീഫ് സംഗ്രഹിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‌റെ കാലത്തെ പരാജയങ്ങളുടെയും വീഴ്ചകളുടെയും ഭാരം തന്‌റെ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയുടെ നേതാവിനെ ജയിലിലടയ്ക്കുന്നത് സന്തോഷമുള്ള കാര്യമല്ലെന്ന് ഇമ്രാന്‍ ഖാന്‌റെ പേര് പറയാതെ അദ്ദേഹം പറഞ്ഞു. അതാരെങ്കിലും ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ രീതിയല്ലെന്നും ഷെബഹാസ് ഷെരീഫ് പറഞ്ഞു. മെയ് ഒന്‍പതിന് ഇമ്രാന്‌റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രശ്‌നങ്ങള്‍ അപലപനീയമെന്നും പാക് പ്രധാനമന്ത്രി ദേശീയ അസംബ്ലിയില്‍ പറഞ്ഞു.
പാകിസ്താന്‍ പ്രസിഡന്‌റ് ഡോ. ആരിഫ് ആല്‍വി സര്‍ക്കാരിന്‌റെ ശുപാര്‍ശ മാനിച്ച് ദേശീയ അസംബ്ലി പിരിച്ചു വിടും. സഭയുടെ അഞ്ച് വര്‍ഷകാലാവധി ഓഗസ്റ്റ് 12 അര്‍ധരാത്രിവരെയാണ്. കാലാവധി പൂര്‍ത്തിയാകും മുന്‍പ് സഭ പിരിച്ചുവിട്ടാല്‍ തിരഞ്ഞെടുപ്പ് 90 ദിവസത്തിനകം നടത്തണമെന്നാണ് ചട്ടം. കാലാവധി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഒരുമാസത്തോളം സമയം തിരഞ്ഞെടുപ്പിന് അധികമായി ലഭിക്കാനാണ് കാലാവധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ സഭ പിരിച്ചുവിടാനുള്ള തീരുമാനം. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
അതേസമയം ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇനിയും തീരുമാനം ആയില്ല. ഇതിനായി പ്രതിപക്ഷ നേതാവിനെ നാളെ സന്ദര്‍ശിക്കുമെന്ന് ഷെബബാസ് ഷെരീഫ് പറഞ്ഞു. ഓഗസ്റ്റ് 12 ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നിഷ്പക്ഷനായ വ്യക്തിയെ കാവല്‍ പ്രധാനമന്ത്രിയാക്കുമെന്ന് ഷെബബാസ് ഷെരീഫ് നേരത്തെ പറഞ്ഞിരുന്നു. ഷെബഹാസിന്‌റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. രാജ്യം വിട്ട് ലണ്ടനില്‍ കഴിയുന്ന നവാസ് ഉടന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്നും തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ മുസ്ലീംലീഗിനെ നയിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.