സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ, ഫണ്ട് സ്വരൂപണത്തിനായി കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് പാകിസ്താൻ യുഎഇയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. രാജ്യാന്തര നാണയനിധിയില്‍നിന്നുള്ള ഫണ്ട് ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്താനാണ് പാകിസ്താൻ കരാർ കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി യുഎഇയുമായി ഒരു ചർച്ചാ കമ്മിറ്റി രൂപീകരിച്ചു.
ഇന്റര്‍-ഗവണ്‍മെന്റല്‍ കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍സ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തുറമുഖത്തിന്റെ നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച തീരുമാനം പാകിസ്താൻ എടുത്തത്. ധനമന്ത്രി ഇസ്ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോര്‍ട്ട് ട്രസ്റ്റും (കെപിടി) യുഎഇ സര്‍ക്കാരും തമ്മില്‍ കരാറിലെത്താന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സമിതിയ്ക്കായിരിക്കും തുറമുഖത്തിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കാനുളള ചുമതല.
കരാറിന് അന്തിമരൂപം നൽകുന്നതിനായി രൂപീകരിച്ച ചർച്ചാ കമ്മിറ്റിക്ക് മാരിടൈം അഫയേഴ്സ് മന്ത്രി ഫൈസൽ സബ്സ്വാരി നേതൃത്വം നൽകും. ധനകാര്യ, വിദേശകാര്യ അഡീഷണൽ സെക്രട്ടറിമാർ, പിഎം ജഹാൻസേബ് ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ്, കറാച്ചി പോർട്ട് ടെർമിനൽ (കെപിടി) ചെയർമാൻ, കെപിടിയുടെ ജനറൽ മാനേജർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളിൽ ഉൾപ്പെടുന്നു. പാകിസ്താൻ ഇന്റർനാഷണൽ കണ്ടെയ്‌നേഴ്‌സ് ടെർമിനൽസിന്റെ (പിഐസിടി) ഭരണ നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ യുഎഇ സർക്കാർ കഴിഞ്ഞ വർഷമാണ് താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
അടിയന്തര ഫണ്ട് സ്വരൂപിക്കുന്നതിനായുളള പാക് സർക്കാരിന്റെ ഈ നീക്കം യാഥാർത്ഥ്യമായാൽ, കഴിഞ്ഞ വർഷം നടപ്പാക്കിയ നിയമപ്രകാരമുള്ള ആദ്യത്തെ അന്തർ സർക്കാർ ഇടപാടിനാണ് തുടക്കമാവുക. പണലഭ്യതയ്ക്കായി രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങളെ അതിവേഗം വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പാക് സർക്കാർ അന്തർ സർക്കാർ ഇടപാടിനായുളള നിയമം പാസാക്കിയത്. 2019 ൽ ആദ്യം ഒപ്പുവച്ചതും ഈ മാസം അവസാനത്തോടെ അവസാനിക്കുന്നതുമായ രാജ്യാന്തര നാണയനിധിയുമായുളള (ഐഎംഎഫ്) 6.5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടിന്റെ അനിശ്ചിതത്വത്തിനിടയിൽ അടിയന്തരമായി പാക് സർക്കാരിന് പണലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
അതിനിടെ, രാജ്യാന്തര നാണയനിധിയുമായുളള ഇടപാടിന്റെ പുനരുജ്ജീവനത്തിന് പിന്തുണ തേടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രധാന രാജ്യങ്ങളിലെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന, സൗദി അറേബ്യ,ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ അംബാസഡർമാരെ പാക് സർക്കാർ ക്ഷണിച്ചതായാണ് റിപ്പോർട്ട്.
അതേസമയം പുതിയ കരാർ നിലവിൽ വന്നാൽ, അബുദാബി(എഡി) പോര്‍ട്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോര്‍ട്‌സിനാകും കറാച്ചി തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയില്‍ 10 തുറമുഖങ്ങളും ടെര്‍മിനലുകളും നിലവില്‍ നിയന്ത്രിക്കുന്നത് എഡി പോര്‍ട്‌സ് ഗ്രൂപ്പ് ആണ്.