കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച് പാകിസ്താൻ. ഡോളറിനെതിരെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താൻ കറൻസി എത്തിയതോടെ ആശങ്ക കൂടുതല്‍ ബലപ്പെടുകയാണ്. പാകിസ്താൻ രൂപ 7.6 ശതമാനം ഇടിഞ്ഞ് ഡോളറിനെതിരെ 255 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1998ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ രൂപ ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളിലേക്ക് പാകിസ്താന്‍ കടന്നിരിക്കുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള തീരുമാനമാണ് കൈക്കൊണ്ടത്. എന്നാല്‍ പാകിസ്താൻ സെൻട്രൽ ബാങ്ക് ഈ ആഴ്ചയും പലിശ നിരക്ക് 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തി.
അതിനിടെ, സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ അടിയന്തരമായി 110 കോടി ഡോളര്‍ സഹായമാണ് പാകിസ്താന്‍ ഐഎംഎഫിനോട് ആവശ്യപ്പെട്ടു. ഇതിനായി യുഎസിന്റെ പിന്തുണയും പാകിസ്താന്‍ തേടി.
2019ല്‍ പാകിസ്താന് 600 കോടി ഡോളറും 2022ല്‍ 110 കോടി ഡോളറും ഐഎംഎഫ് ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞവർഷത്തെ വിനാശകരമായ വെള്ളപ്പൊക്കം രാജ്യത്തെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിട്ടു. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യ ശേഖരത്തില്‍ കുത്തനെയുണ്ടായ ഇടിവ് പാകിസ്താന്റെ അടിപതറുന്നതിന് വീണ്ടുമിടയാക്കി.
പുതിയ സാഹചര്യത്തില്‍ സഹായം തേടി പാക് ധനമന്ത്രി ഇഷാഖ് ദാർ ബുധനാഴ്ച അമേരിക്കൻ ട്രഷറി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. രാജ്യം അന്താരാഷ്ട്ര പ്രതിബദ്ധതകളെ മാനിക്കുമെന്നും പ്രകൃതിവാതകം, വൈദ്യുതി എന്നിവയുടെ വില വർധിപ്പിക്കുന്നതുപോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും പാക് ധനമന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മ സബ്‌സിഡിയുളള ധാന്യങ്ങൾ കുറയുന്നതിനിടയാക്കിയിരുന്നു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി മൂന്നിലധികം തവണ ഇതിനോടകം ധാന്യ വില കുതിച്ചുയർന്നു. അടുത്തിടെ ഭക്ഷണത്തിനായി ആളുകൾ വഴക്കിടുന്നതിന്റെയും ഭക്ഷണ ട്രക്കുകളെ പിന്തുടരുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പാക് പ്രതിസന്ധി വീണ്ടും ആഗോളതലത്തില്‍ ചർച്ചാ വിഷയമായത്.
കഴിഞ്ഞ വർഷത്തെ രൂക്ഷമായ വെള്ളപ്പൊക്കം പാകിസ്താനെ മുഴുവൻ വെള്ളത്തിനടിയിലാക്കിയിരുന്നു. 1,700ലേറെ പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ പുനർനിർമ്മാണ ചെലവ് ഏകദേശം 1630 കോടി ഡോളറായാണ് കണക്കാക്കുന്നത്. ഇതിനായി ഐഎംഎഫില്‍ നിന്ന് പകുതിയിലേറെ ധനസഹായമുണ്ടാകുമെന്നും പാകിസ്താന്‍ പ്രതീക്ഷിക്കുന്നു.
ഫിച്ച് ഉൾപ്പടെയുള്ള റേറ്റിങ് ഏജൻസികൾ സാമ്പത്തിക സ്ഥിതിയില്‍ പാകിസ്താന്റെ റേറ്റിങ് കുറച്ചിട്ടുണ്ട്. പാകിസ്താന് പുറത്തു നിന്നുള്ള പണലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും സാമ്പത്തികസ്ഥിതി മോശമാണെന്നുമാണ് ഫിച്ചിന്റെ വിലയിരുത്തൽ. റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ അനുസരിച്ച് പാകിസ്താന്റെ വിദേശനാണ്യ കരുതൽ ശേഖരണം 2022 ജൂണിൽ 16 ബില്യണ്‍ ഡോളറില്‍ നിന്ന് 10 ബില്യൺ ഡോളറായി കുറഞ്ഞു. നേരത്തെ പാകിസ്താൻ കേന്ദ്രബാങ്ക് പലിശനിരക്കുകൾ ഉയർത്തിയിരുന്നു. നിരക്കുകളിൽ 125 ബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. വിദേശ കറൻസിയുടെ ലഭ്യത കൂട്ടാൻ ലക്ഷ്യമിട്ടാണ് നിരക്കുകൾ ഉയർത്തിയതെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധിക്ക് രാഷ്ട്രീയ വശം കൂടിയുണ്ട്. 2019ൽ പാക് സർക്കാർ ഐഎംഎഫിൽ നിന്നും 600 കോടി ഡോളറിന്റെ വായ്പ വാങ്ങുന്നതിനായി എണ്ണ, ഊർജ സബ്സിഡികൾ വെട്ടിച്ചുരിക്കിയത് സമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വൈദ്യുതി പ്രതിസന്ധിയും രാജ്യം നേരിടുകയാണ്. വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക മേഖലകളും ഇരുട്ടിലായി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളുള്‍പ്പെടെ നേരത്തെ അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു.
ഐഎംഎഫ് സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്ന്നുപോകുമെന്ന് ചൂണ്ടിക്കാട്ടി ജനുവരിയില്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. സാമ്പത്തിക സഹായം നല്‍കിയിരുന്ന സൗദി അറേബ്യയും യുഎഇയും സൗജന്യങ്ങള്‍ തുടരില്ലെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.