മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ( എന്‍ എ ബി)യോട് നിര്‍ദേശിച്ച് പാകിസ്താന്‍ സുപ്രീം കോടതി. അറസ്റ്റിനെതിരെ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്. പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‌റെ നടപടി. ഇന്ന് തന്നെ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പാകിസ്താന്‍ അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്‌സ് ഇമ്രാന്‍ ഖാനോട് മോശമായി പെരുമാറിയെന്നും അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ ഇസ്ലാമബാദ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് അറസ്റ്റ് നടന്നതെന്നും ഇമ്രാന്‌റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. നീതി ലഭിക്കാനുള്ള ഒരാളുടെ അവകാശം എങ്ങനെ നിഷേധിക്കുമെന്ന കോടതി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട സംഭവം ചൂണ്ടുക്കാട്ടി ജസ്റ്റിസ് അതര്‍ മിനാലാ നിരീക്ഷിച്ചു. കോടതികളോട് ബഹുമാനം കാട്ടണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, മുന്‍പ് സുപ്രീംകോടതിയുടെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് കുറ്റാരോപിതനെ അറസ്റ്റ് ചെയ്ത നടപടി മരവിപ്പിച്ച കോടതി ഇടപെടലും ഓര്‍മിപ്പിച്ചു.
അതേസമയം ഇമ്രാന്‍ ഖാന്‌റെ അറസ്റ്റിനെ തുടര്‍ന്ന് കലുഷിതമായ പാകിസ്താനില്‍ സ്ഥിതി സാധാരണ നിലയിലായിട്ടില്ല. പ്രതിഷേധക്കാരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ലഹോറില്‍ കോര്‍പ്‌സ് കമാന്‍ഡറുടെ വീട് തകര്‍ത്ത സംഭവത്തിലടക്കം ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഷാ മുഹമ്മദ് ഖുറേഷിയടക്കം നിരവധി പിടിഐ ( പാകിസ്താന്‍ തെഹരിഖ്- ഇ ഇന്‍സാഫ് പാര്‍ട്ടി) നേതാക്കള്‍ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലാണ്.
ഇമ്രാന്‍ ഖാനെ ഹാജരാക്കാന്‍ നാളെ വരെ സമയം നല്‍കണമെന്ന ആവശ്യം തള്ളിയണ്, ഒരുമണിക്കൂറിനകം ഹാജരാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇമ്രാനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രവര്‍ത്തകരാരും കോടതി പരിസരത്ത് പോകരുതെന്നാണ് പിടിഐയുടെ നിര്‍ദേശം. എന്നാല്‍ ഇന്ന് ഇമ്രാന്‍ മോചിതനായില്ലെങ്കില്‍ പിടിഐ പ്രതിഷേധം കടുപ്പിക്കും. രാജ്യത്തെ ക്രമസമാധാന നില ആശങ്കാജനകമെന്ന് പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് ആൽവി പ്രതികരിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലെത്തി. ഡോളറിന് 300 പാകിസ്താൻ രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.