തോഷ്ഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. വിചാരണ കോടതിയുടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതിയുടെ നടപടികളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ സുപ്രീം കോടതിയെ സമീപിച്ചത്.
2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്ത് വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷ്ഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്.
ഈ കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇമ്രാനെതിരെ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. മെയ് 10 ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ ആണ് ഇമ്രാൻ ഖാനെതിരെ തോഷ്ഖാന കേസിൽ കുറ്റം ചുമത്തിയത്. ഇതിനെ ചോദ്യം ചെയ്ത് ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
വിഷയത്തിൽ വീണ്ടും വാദം കേൾക്കാനും വിധി പുനഃപരിശോധിക്കാനും വിചാരണകോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു. ഹർജിയിൽ വിചാരണ കോടതി 7 ദിവസത്തിനകം തീർപ്പുണ്ടാക്കണമെന്നായിരുന്നു വിധി. ജൂലൈ 8 ന്, ഇലക്ഷൻ കമ്മീഷൻ ഹർജി നിലനിൽക്കുന്നതാണെന്ന് വിചാരണ കോടതി വ്യക്തമാക്കി. ഇതേതുടർന്നാണ് ഇമ്രാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിനിടെ, തോഷ്ഖാന അഴിമതി കേസിൽ വിചാരണ കോടതിയുടെ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടില്ലെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.