ഭീകര സംഘടനയായ അൽ ഖായിദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ ഞായറാഴ്ചയാണ് അമേരിക്കൻ സൈന്യം വധിച്ചത്. കാബൂളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഒസാമ ബിൻ ലാദന്റെ പിൻഗാമിയായ അയ്മൻ അൽ സവാഹിരി. കൃത്യമായി ആസൂത്രണം ചെയ്‌ത ആക്രമണത്തിൽ ഡ്രോൺ ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ നീക്കം. സവാഹിരിയെ കൃത്യമായി ലൊക്കേറ്റ് ചെയ്യാന്‍ അമേരിക്കയ്ക്ക് പാകിസ്താന്റെ സഹായം ലഭിച്ചിരുന്നതായി സൂചന. ഐഎംഎഫിന്റെ സാമ്പത്തിക സഹായം ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ സൈനിക നീക്കത്തിന് പിന്തുണ നൽകിയതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അൽ ഖായിദ നേതാവായിരുന്ന ഒസാമ ബിൻ ലാദനെ പാകിസ്താനിൽ വെച്ച് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഉണ്ടായ അകൽച്ച കുറയ്ക്കുന്നതിന് വേണ്ടിയാണ് പാകിസ്താൻ സവാഹിരിയെ ഇല്ലാതാക്കാൻ കൂട്ടുനിന്നതെന്നാണ് വിലയിരുത്തൽ. "സവാഹിരിയെ കൊല്ലാനുള്ള സഹായം പാകിസ്താൻ നൽകുക വഴി, അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചേക്കാം" വിൽസൺ സെന്ററിലെ ദക്ഷിണേഷ്യൻ നയതന്ത്ര വിദഗ്ധനായ മൈക്കൽ കുഗൽമാൻ ട്വീറ്റ് ചെയ്തു.
ഐഎംഎഫിന്റെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാൻ കൂടിയാണ് പാകിസ്താൻ സവാഹിരിയെ ഒറ്റുകൊടുത്തതെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തിക സഹായത്തിനായി പാകിസ്താൻ സൈനിക മേധാവി ബജ്‌വ അമേരിക്കയോട് അടുത്തിടെ നടത്തിയ അഭ്യർത്ഥനയും തെളിവായി ചിലർ ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറൻ രാജ്യങ്ങൾക്കു മേലുള്ള അഫ്ഗാനിസ്ഥാന്റെ ഭീഷണി മുതലെടുത്തുകൊണ്ടാണ് പലപ്പോഴും പാകിസ്താൻ അവരുടെ സാമ്പത്തിക പ്രതിസന്ധി മറികടന്നിട്ടുള്ളതെന്ന് അഫ്ഗാൻ പ്രതിരോധ നേതാവ് അമ്രുല്ല സാലിയും ചൂണ്ടിക്കാട്ടി.
അതേസമയം, അൽ ഖായിദയുടെ മടങ്ങി വരവ് ആഗ്രഹിക്കാത്ത താലിബാൻ വിഭാഗങ്ങളാണ് സവാഹിരിയുള്ള സ്ഥലത്തിന്റെ സൂചനകൾ അമേരിക്കയ്ക്ക് വിറ്റഴിച്ചിരിക്കാൻ സാധ്യതയെന്നും ചില വിശകലന വിദഗ്ധർ പറഞ്ഞു.
സവാഹിരിയുടെ കൊലപാതകത്തെ തുടർന്ന് താലിബാൻ സർക്കാർ ഇറക്കിയ പ്രസ്താവനയിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചു. അന്താരാഷ്ട്ര തത്വങ്ങളുടെയും ദോഹ കരാറിന്റെയും വ്യക്തമായ ലംഘനമാണെന്നും താലിബാൻ പറഞ്ഞു. എന്നാൽ, തീവ്രവാദ ഗ്രൂപ്പുകളെ അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ആ വിധമുള്ള ഗ്രൂപ്പുകളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന ദോഹ കരാറിലെ വ്യവസ്ഥ ലംഘിച്ചത് താലിബാനാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിരിച്ചടിച്ചു.
2001 സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍ ആയിരുന്നു സവാഹിരി. തലയ്ക്ക് 25 ദശലക്ഷം ഡോളറാണ് അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന സവാഹിരിയ്ക്ക് മേൽ രണ്ട് ഹെൽഫയർ മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.