WORLD

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പലസ്തീൻ പതാക ഉയർത്തി; ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായവരുടെ എണ്ണം 900 കടന്നു

വെബ് ഡെസ്ക്

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലസ്തീൻ പതാക ഉയർത്തി വിദ്യാർഥികൾ. യുഎസ് പതാകയോ സന്ദർശനം നടത്തുന്ന പ്രമുഖ വിദേശ രാജ്യങ്ങളുടെ പതാകകൾക്കോ ​​വേണ്ടി നീക്കിവച്ചിരിക്കുന്ന ജോൺ ഹാർവാർഡ് സ്റ്റാച്യുവിലായിരുന്നു ശനിയാഴ്ച പ്രതിഷേധ പ്രകടനം. അതേസമയം, അമേരിക്കയിലാകമാനം പടർന്നുപിടിക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ എണ്ണം 900 കടന്നു.

ജോൺ ഹാർവാർഡിൻ്റെ പ്രതിമയ്ക്ക് മുകളിൽ മൂന്ന് വിദ്യാർഥികൾ പലസ്തീൻ പതാക ഉയർത്തുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് (പ്രാദേശിക സമയം) ശേഷമായിരുന്നു സംഭവം. ഹാർവാർഡ് പോലീസിന്റെ നിർദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പലസ്തീൻ പതാക നീക്കം ചെയ്യുമ്പോൾ 'ഫ്രീ പലസ്തീൻ' മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ മുഴക്കിയിരുന്നു. അതിനുപുറമെ ഒരു വിദ്യാർഥി അഴിച്ചുമാറ്റിയ പതാക തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

പതാക ഉയർത്തിയത് സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും ഹാർവാർഡ് വക്താവ് പ്രതികരിച്ചു. കൂടാതെ ബിരുദ സർട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും അധികൃതർ നടത്തിയതായി ബിരുദ വിദ്യാർഥികൾ പറഞ്ഞു. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇൻഡ്യാന യൂണിവേഴ്‌സിറ്റി, സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെ തുടർന്ന് 275-ലധികം വിദ്യാർഥികളെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

2024 ഏപ്രിൽ 18ന് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം പടർന്നുപിടിച്ചത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. കൂടാതെ, ഇസ്രയേൽ സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളിലെ യൂണിവേഴ്സിറ്റി ആസ്തികൾ വിറ്റഴിക്കണമെന്നും യുഎസ് സൈന്യം ഇസ്രയേലിന് നൽകുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധങ്ങൾ സമാധാനപരമായി തുടരണമെന്ന അഭ്യർത്ഥന വൈറ്റ് ഹൗസ് ഞായറാഴ്ച പുറപ്പെടുവിച്ചിരുന്നു. എന്നാ ചിലയിടങ്ങളിൽ ഇസ്രയേലി അനുകൂലികളും പലസ്തീൻ അനുകൂല പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും