ഇസ്രയേല്‍-ഹമാസ് ആക്രമണം 14 ദിവസം പിന്നിടുമ്പോള്‍ അതി ഭീകരമായ ചിത്രങ്ങളാണ് ഗാസയില്‍ നിന്ന് വരുന്നത്. നക്ബയെ അനുസ്മരിപ്പിക്കുന്ന പലായനത്തിന്റെ ചിത്രങ്ങളാണ് യുദ്ധഭീകരതയോടൊപ്പം ഗാസയില്‍ കാണാന്‍ സാധിക്കുന്നത്. വടക്കന്‍ ഗാസാ മുനമ്പിലെ തങ്ങളുടെ വീടുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ഗാസമുനമ്പില്‍ നിന്നു പലായനം ചെയ്ത ആയിരക്കണക്കിന് പലസ്തീനികള്‍ക്കായി ഖാന്‍ യൂനിസില്‍ നൂറുക്കണക്കിന് താല്‍ക്കാലിക താമസസ്ഥലങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഏകദേശം പത്തുലക്ഷം പേരാണ് ഗാസയില്‍ നിന്നു പലായനം ചെയ്തത്. ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി പുതിയ അഭയാര്‍ഥി ക്യാമ്പും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് ദിവസം വെറും മണ്ണിലാണ് കിടന്നതെന്നും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സിയാണ് അഭയം തന്നതെന്നും കുടുംബത്തിലെ 52 അംഗങ്ങളുമായി പലായനം ചെയ്ത അസ്മാ ഉല്‍ ഉസ്താദ് അല്‍ ജസീറയോട് പ്രതികരിച്ചു. സയണിസ്റ്റ് അര്‍ധസൈനികര്‍ 500ലധികം ഗ്രാമങ്ങള്‍ നശിപ്പിച്ച 1948ലെ അനുഭവം (നക്ബ) പുനരാവിഷ്കരിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആയിരങ്ങള്‍ കൊല്ലപ്പെട്ട, 7,50,000 പലസ്തീനികള്‍ക്ക് നിര്‍ബന്ധിതമായി പലായനം ചെയ്യേണ്ടി വന്ന നക്ബ ആവര്‍ത്തിക്കുന്നതായാണ് പലസ്തീനികള്‍ ഇതിനെ അടയാളപ്പെടുത്തുന്നത്. ''നാടുകടത്തപ്പെട്ടതിന്റെ, നാശത്തിന്റെ, അടിച്ചമര്‍ത്തലിന്റെ, നക്ബയുടെ പ്രതീകമാണ് കൂടാരങ്ങള്‍. സംഘടനകള്‍ക്ക് ഞങ്ങളോടുള്ള സഹതാപമല്ല നമുക്ക് ആവശ്യം. ഞങ്ങള്‍ക്ക് സംരക്ഷണം വേണം. ലോകത്തിലെ മറ്റേതൊരു കുട്ടിക്കും ലഭിക്കുന്ന അവകാശങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കും വേണം''- അസ്മ പറയുന്നു.
അഭയാര്‍ഥി ക്യാമ്പിലെ ഓരോ കൂടാരങ്ങളും നടുവില്‍ ഒരു തൂണ്‍ വച്ച് താങ്ങി നിര്‍ത്തിയ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. നിലത്ത് പായയും അതിന് മുകളില്‍ പുതപ്പുകളും വിരിച്ച രീതിയിലാണ് കൂടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാരങ്ങള്‍ക്കിടയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ വേണ്ടി കയറുകളും കെട്ടിയിട്ടുണ്ട്.
എന്നാല്‍ ഈ ക്യാമ്പിന് സമീപപ്രദേശത്തും കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ഈ അഭയാര്‍ഥി ക്യാമ്പും സുരക്ഷിതമല്ലെന്ന ആശങ്കയിലാണ് ക്യാമ്പിലെ പലസ്തീനികള്‍.