ആഴ്ചകളോളം അജ്ഞാത സ്ഥലങ്ങളില്‍ തടവിനും ശാരീരിക പീഡനത്തിനും ഇരയായ ഗാസയിലെ പലസ്തീനികളോട് മോശമായി പെറുമാറുന്നത് ഇസ്രയേല്‍ സൈന്യം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. 30 മുതല്‍ 55 ദിവസം വരെ പലസ്തീന്‍ പൗരന്മാരെ ഇസ്രയേലി സൈന്യം തടവിലാക്കിയതായി മനുഷ്യാവകാശ ഉദ്യോഗസ്ഥനായ അജിത് സുന്‍ഘെ തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരെ സന്ദർശിച്ചതിന് ശേഷമായിരുന്നു റിപ്പോർട്ട് തയാറാക്കിയത്.
കൊടും തണുപ്പില്‍ മതിയായ വസ്ത്രങ്ങളില്ലാതെ ഡയപ്പറുകള്‍ നല്‍കി പുരുഷന്മാരെ വിട്ടയച്ചതായി റിപ്പോർട്ടുകളുണ്ടെന്നും അജിത് പറയുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ സൈന്യം പങ്കുവെച്ച പല വീഡിയോകളിലും ക്രൂരത നിറഞ്ഞിരുന്നു. അർദ്ധ നഗ്നരായ പലസ്തീനികളെ പലപ്പോഴും ദൃശ്യങ്ങളില്‍ കാണാനായി. കൊടും തണുപ്പില്‍ മതിയായ വസ്ത്രങ്ങളില്ലാത്തവരും വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടു. ഗാസയിലെ ബെയ്ത് ലാഹിയ, ജബലിയ, ഷുജയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വീഡിയോകളായിരുന്നു കൂടുതലും.
മോചിതരായ പല തടവുകാരും സ്വയം ശപിക്കുകയും പലസ്തീന്‍ ഗ്രൂപ്പുകളേയും രാഷ്ട്രീയ നേതാക്കളേയും തള്ളിപ്പറയുകയും ചെയ്തതായി യൂറൊ മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റർ പറയുന്നു. ട്രക്കുകളില്‍ കൊണ്ടുപോയി തുറസായ തടങ്കല്‍ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചതെന്നും മർദനവും പീഡനവും ഏറ്റവാങ്ങേണ്ടി വന്നതായും മോചിതരായവർ പറഞ്ഞു.
അറസ്റ്റ് ചെയ്തവരേയും തടവിലാക്കപ്പെട്ടവരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുന്നതെന്ന് ഇസ്രയേല്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അജിത് ചൂണ്ടിക്കാണിച്ചു.
ഇസ്രയേലി സൈന്യം വിട്ടയച്ച തടവുകാർ ഇന്ന് തെക്കന്‍ ഗാസയിലെ റാഫയിലുള്ള അബു യൂസഫ് അല്‍ നജ്ജർ ആശുപത്രിയിലെത്തിയിരുന്നു. ഇസ്രയേലി സൈന്യം അതിക്രൂരമായാണ് പെരുമാറിയതെന്ന് അവർ ആരോപിക്കുകയും ചെയ്തു.
"അല്‍ സഫ്താവി പ്രദേശത്ത് വെച്ചാണ് പ്രത്യേക ഇസ്രയേലി സൈന്യം ഞങ്ങളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഞങ്ങള്‍ മർദനത്തിന് ഇരയായി. പിന്നീട് സൈനിക ആസ്ഥാനത്തുള്ള തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചു," മുഹമ്മദ് അബു സമ്ര അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു.
"തണുപ്പില്‍ നഗ്നരാക്കി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്ത്രീകളായ സൈനിക ഉദ്യോഗസ്ഥർ ഞങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു," മുഹമ്മദ് അബു കൂട്ടിച്ചേർത്തു.
തെക്കന്‍ നഗരങ്ങളിലേക്ക് ആളുകല്‍ നിലയ്ക്കാതെ എത്തുകയാണെന്ന് അജിത് അറിയിച്ചു. "പ്ലാസ്റ്റിക്കുകള്‍ക്കൊണ്ട് നിർമ്മിച്ച ടെന്റുകളില്‍ തുടരാന്‍ കുട്ടികളടക്കമുള്ള കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഇത് ശരിക്കും മനുഷ്യാവകാശ പ്രതിസന്ധിയാണ്. ഭയാനകമായ മാനുഷിക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭയം, പട്ടിണി, ദാരിദ്ര്യം, കോപം...എല്ലാം നിറഞ്ഞ മനുഷ്യ സമൂഹം," അജിത് പറയുന്നു.
യുദ്ധത്തില്‍ ഇതുവരെ 24,762 പലസ്തീനികളാണ് മരിച്ചത്. 62,108ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.