WORLD

'സ്വര്‍ഗത്തില്‍ പുതിയൊരു ഗാസ രൂപം കൊണ്ടിരിക്കുന്നു': ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിബ കുറിച്ചു

ഒട്ടനവധി ചെറുകഥകളും കവിതകളും നോവലുകളും എഴുതി പലസ്തീന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള എഴുത്തുകാരിയായിരുന്നു മുപ്പത്തിരണ്ടുകാരിയായ ഹിബ

വെബ് ഡെസ്ക്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ എഴുത്തുകാരി ഹിബ കമാല്‍ അബു നദ കൊല്ലപ്പെട്ടത്. ഗാസയിലെ ജനവാസ പ്രദേശം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഹിബ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലും അറബ് സമൂഹത്തിനിടയിലും ചർച്ചയാകുന്നത്.

"ഞങ്ങളിപ്പോള്‍ ഏഴാകാശവും കടന്ന് സ്വർഗത്തിലാണ്. അവിടെ പുതിയൊരു നഗരം പണിയുകയാണ്, രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ഡോക്ടർമാരോ രോഗികളോ ഇല്ലാത്ത ഒരിടം. കുട്ടികളോട് ദേഷ്യപ്പെടാത്ത അധ്യാപകരും ദുഖവും വേദനയുമില്ലാത്ത കുടുംബങ്ങളുമുള്ള ഒരു പുതിയ നഗരം", അപ്രതീക്ഷിത ആക്രമണത്തിൽ സ്വന്തം മണ്ണിൽ പൊലിഞ്ഞു വീഴുന്ന ഗാസയിലെ മനുഷ്യരെക്കുറിച്ചും മരണാനന്തരം അവർക്ക് ലഭിക്കുന്ന ആത്മശാന്തിയെക്കുറിച്ചും ഹിബ അവസാനമായി തന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനിൽ കുറിച്ചു.

"സ്വര്‍ഗം കാമറയില്‍ പകര്‍ത്തുന്ന റിപ്പോര്‍ട്ടര്‍മാർ, അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്ന കവികള്‍, എല്ലാവരും ഗാസയില്‍ നിന്നുള്ളവരാണ്, എല്ലാവരും ഇപ്പോൾ സ്വർഗത്തിലാണ്. സ്വര്‍ഗത്തില്‍ പുതിയൊരു ഗാസ രൂപം കൊണ്ടിരിക്കുന്നു, ഉപരോധങ്ങളില്ലാത്ത ഗാസ", ഏറ്റവും ഒടുവിലായി സമൂഹമാധ്യമത്തിലൂടെ തന്റെ ആഗ്രഹങ്ങളും ആശ്വാസങ്ങളും സമൂഹ മാധ്യമത്തിലൂടെ ഹിബ കുറിച്ചു.

ഹിബയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അറബ് സമൂഹ മാധ്യമങ്ങളിലൂടെ ഹിബയുടെ കുറിപ്പുകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഹിബയുടെ മരണത്തിൽ അനുശോചിച്ചും ഹിബയുടെ വാക്കുകളെ ഉയർത്തിക്കാട്ടിയും നിരവധിപേരാണ് സാമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്

ഒക്ടോബർ 20ന് ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിബ കൊല്ലപ്പെട്ടത്. ഹിബ രചിച്ച 'ഓക്സിജന്‍ ഈസ് നോട്ട് ഫോര്‍ ദ ഡൈഡ്' എന്ന നോവൽ അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധ നേടുകയും അറബ് സാഹിത്യത്തിനുള്ള ഷാര്‍ജ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. പലസ്തീൻ സാംസ്‌കാരികവകുപ്പാണ് ഹിബയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.

1991-ല്‍ സൗദി അറേബ്യയിൽ ജനിച്ച ഹിബയ്ക്ക് 32 വയസായിരുന്നു പ്രായം. പലസ്തീനിലെ നിരന്തരമായ സംഘർഷാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി അറേബ്യയിലേക്ക് പാലായനം ചെയ്യുകയായിരുന്നു ഹിബയുടെ കുടുംബം. ഒട്ടനവധി ചെറുകഥകളും കവിതകളും നോവലുകളും രചിച്ച് പലസ്തീനിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സാഹിത്യകാരിയായിരുന്നു ഹിബ. ഗാസയിലെ അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ കെമിസ്ട്രിയില്‍ ബിരുദവും ക്ലിനിക്കൽ നുട്രീഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഹിബ കര്‍മമണ്ഡലമായി തിരഞ്ഞെടുത്തതും വിദ്യാഭ്യാസ മേഖലയായിരുന്നു. സര്‍ഗാത്മകസാഹിത്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള സാഹിത്യകാരിയായിരുന്നു.

ഇസ്രയേല്‍- പലസ്തീന്‍ സംഘർഷം രണ്ടാഴ്ച പിന്നിടുമ്പോൾ ചരിത്രത്തിലെ ഏറ്റവു വലിയ യുദ്ധത്തിനാണ് ഗാസയിലെയും ഇസ്രയേലിലെയും ജനങ്ങൾ സാക്ഷിയാകുന്നത്. സംഘർഷത്തിൽ, മരണസംഖ്യ 4,385 ആയി ഉയർന്നതായും പന്ത്രണ്ടായിരത്തില്പരം ആളുകൾക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, ഇസ്രയേലിൽ 1,400ലധികം ആളുകളാണ് കൊല്ലപ്പെട്ടത്, ഇതിൽ കൂടുതലും ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തികൾ കൊല്ലപ്പെട്ടവരാണ്. കൂടാതെ, ഇരുന്നൂറിലധികം പേരെ ഹമാസ് പിടികൂടി ബന്ദികളാക്കിയെന്നും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ