യുദ്ധവും സംഘര്‍ഷങ്ങളുമുണ്ടാക്കിയ പ്രതിസന്ധിയും അസ്ഥിരമായ സാമൂഹിക-സാമ്പത്തിക ആഗോളാന്തരീക്ഷമായിരുന്നു 2022 ലെ ലോകവാര്‍ത്തകളുടെ പ്രധാന തലക്കെട്ടുകള്‍. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശവും തായ്‌വാന്‍- ചൈന സംഘർഷവും തുടങ്ങി ശ്രീലങ്കയിലെയും ഇറാനിലെയും ജനകീയ പ്രക്ഷോഭങ്ങളിൽ വരെ ഇത്തവണ ലോകം ആശങ്കയോടെ കണ്ടു.
അനന്തമായി നീളുന്ന റഷ്യന്‍ അധിവിവേശം
310 ദിവസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാതെ തുടരുന്ന യുദ്ധത്തിന്റെ നേർ ചിത്രങ്ങളെ അടയാളപ്പെടുത്താതെ 2022 യിലൂടെ കടന്നു പോകാനാകില്ല. ഫെബ്രുവരി 24ന് പ്രത്യേക സൈനിക നീക്കമെന്ന ഓമനപ്പേരിൽ റഷ്യ നടത്തിയ അധിനിവേശം ലോകത്തെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഇരുപക്ഷത്തും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് മേഖലയാകെ സാമ്പത്തികവും സാമൂഹികവും ജീവസന്ധാര പ്രതിസന്ധികളും നേരിട്ടു.
യുക്രെയ്‌ൻ നാറ്റോ അംഗത്വം സ്വീകരിക്കാൻ തയ്യാറാകുന്നു എന്നതായിരുന്നു റഷ്യയെ പ്രകോപിപ്പിച്ചത്. അങ്ങനെ വന്നാൽ റഷ്യയുടെ അതിർത്തികളിൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് റഷ്യയും വ്ലാദിമിർ പുടിനെ അനുകൂലിക്കുന്നവരും വാദിച്ചു. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ ചൂണ്ടിക്കാട്ടിയാണ് യുക്രെയ്ൻ എന്ന പരമാധികാര രാജ്യത്തേക്കുള്ള കടന്നുകയറ്റത്തെ ന്യായീകരിച്ചത്.
യുക്രെയ്ൻ എന്ന താരതമ്യേന ചെറിയ രാജ്യത്തെ റഷ്യ വളരെ എളുപ്പം കീഴ്പ്പെടുത്തുമെന്ന് ലോകം മുഴുവൻ വിധിയെഴുതി. എന്നാൽ, യുക്രെയ്‌ന്റെ ചെറുത്ത് നില്‍പ്പ് ലോകത്തെ അതിശയിപ്പിച്ചു. യുക്രെയ്നും പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും റഷ്യക്കെതിരെ ശക്തമായ ചെയ്ത് നിൽപ്പ് നടത്തി. തലസ്ഥാന നഗരി ലക്ഷ്യമിട്ട് പുടിൻ നടത്തിയ നീക്കങ്ങളെലാം പാളി.
2014ൽ യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചടക്കിയ ശേഷവും ഇരു രാജ്യങ്ങളും തമ്മിലുണ്ടായ തർക്കങ്ങളുടെ ഒടുവിലാണ് റഷ്യ യുക്രെയ്ൻ മേഖലയിലേക്ക് കടന്നു കയറുന്നത്. റഷ്യയുടെ ഭീഷണി വന്നു തുടങ്ങിയ കാലമത്രയും കൂടെയുണ്ടാകുമെന്ന് വാക്ക് പറഞ്ഞ അമേരിക്കയും നാറ്റോ സഖ്യവും പുട്ടിന്റെ സൈന്യം യുക്രെയ്ൻ അതിർത്തി കടന്നതോടെ കൈ മലർത്തി. സുരക്ഷിത മേഖലകളിൽ ഇരുന്ന് ആയുധങ്ങൾ നൽകുക എന്ന ഉത്തരവാദിത്വത്തിലേക്ക് മാത്രമായി അമേരിക്ക ഒതുങ്ങി.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം യുദ്ധം മൂലം 7.8 ദശലക്ഷം ആളുകളാണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയത്. രണ്ടു ലക്ഷത്തോളം സൈനികരും 40000ത്തോളം പൗരന്മാരും എട്ടു മാസങ്ങളിലായി കൊല്ലപ്പെട്ടെന്നുമാണ് വിലയിരുത്തല്‍.
അനിശ്ചിതമായി നീണ്ടുപോകുന്ന ഈ അധിനിവേശം ലോകരാജ്യങ്ങൾക്കുണ്ടാക്കിയത് കടുത്ത പ്രതിസന്ധിയാണ്. ഇന്ത്യയും ദുരിതങ്ങള്‍ അനുഭവിച്ചു. യുക്രെയ്നിലെ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു കെടുതി നേരിട്ടറിഞ്ഞത്. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു വിദ്യാർത്ഥിക്ക് ജീവൻ വരെ നഷ്ടമായി. ജീവന്‍ മാത്രം കൈപ്പിടിയിലൊതുക്കി തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം ഇപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യമായി തുടരുകയാണ്.
ഭക്ഷ്യ- ഇന്ധന പ്രതിസന്ധി
സൈനിക നീക്കത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും അതിനുള്ള പുടിന്റെ പ്രതികരണങ്ങളും ലോകജനതയെ ഭക്ഷ്യ- ഇന്ധന പ്രതിസന്ധിയിലേക്ക് വരെ തള്ളിവിട്ടു. ലോകത്തെ ഏറ്റവും കൂടുതല്‍ ധാന്യക്കയറ്റുമതി നടത്തുന്ന രാജ്യങ്ങളായിരുന്നു റഷ്യയും യുക്രെയ്നും. അധിനിവേശം ആരംഭിച്ചതോടെ കയറ്റുമതി ആറിൽ ഒന്നായി കുറഞ്ഞിരുന്നു. ഇത് ആഗോള വിപണിയിൽ ധാന്യങ്ങളുടെ വില വർധിക്കുന്നതിന് കാരണമായി. യുദ്ധം ആരംഭിച്ചതോടെ ഏകദേശം 47 ദശലക്ഷം മനുഷ്യർ കൂടി കടുത്ത ദാരിദ്യത്തിലേക്ക് തള്ളപ്പെട്ടതായാണ് യു എന്നിന്റെ കണക്കുകൾ.
രാജ്യാന്തര ഉപരോധം
പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പകരമെന്നോണം യൂറോപ്പിലേക്കുള്ള വാതക-ഇന്ധന വിതരണം പുടിൻ നിർത്തലാക്കി. ജി7 രാജ്യങ്ങളുടെ യോഗത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനും ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങൾക്കും മേൽ വില പരിധി (price cap) നിശ്ചയിക്കാൻ തീരുമാനിച്ചതിന് മറുപടിയെന്നോണമായിരുന്നു റഷ്യയുടെ നടപടി. രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിൻവലിക്കാതെ യൂറോപ്പിലേക്കുള്ള റഷ്യൻ വാതക വിതരണം പുനരാരംഭിക്കില്ലെന്നും റഷ്യ വ്യക്തമാക്കി. ഈ നടപടി മൂലം കടുത്ത ഊർജ്ജ പ്രതിസന്ധിയെയാണ് യൂറോപ്പ് അഭിമുഖീകരിച്ചത്.
രാസായുധ ഭീഷണി
പോരാട്ടം പിന്നെയും തുടർന്നു. യുക്രെയ്നിൽ നിന്ന് തോറ്റ് പിൻ വാങ്ങുക എന്നത് പുടിനെ സംബന്ധിച്ചിടത്തോളം ആത്മാഹുതിക്ക് സമമായിരുന്നു. അതുകൊണ്ട് തന്നെ എപ്രകാരവും യുക്രെയ്ൻ കീഴടക്കണമെന്ന വാശിയിൽ റഷ്യൻ സൈന്യത്തിന്റെ അംഗബലം വർധിപ്പിക്കാൻ പുടിൻ തീരുമാനിച്ചു. അതിനായി ഏതറ്റം വരെയും പോകുമെന്നും പുടിൻ പ്രഖ്യാപിച്ചു. രാസായുധ പ്രയോഗത്തിനുള്ള മുന്നറിയിപ്പാണ് ഇതെന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നു. അതേസമയം അംഗബലം കൂട്ടാൻ പുടിൻ സ്വീകരിച്ച 'പാർഷ്യൽ മൊബിലൈസേഷൻ' പദ്ധതി തിരിച്ചടിയായി. സൈന്യത്തിലേക്ക് പൗരന്മാർക്കും സൈനിക പരിശീലനം ലഭിച്ചവർക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കുന്നതിനെതിരെ റഷ്യയിൽ തന്നെ കടുത്ത പ്രതിഷേധങ്ങളുണ്ടായി.
അവസാനിക്കാത്ത ആക്രമണങ്ങള്‍
ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ എന്നീ നാല് പ്രവിശ്യകളില്‍ ജനഹിതപരിശോധന നടത്തുകയും ഏകപക്ഷീയമായ റഷ്യയോട് കൂട്ടിച്ചേർത്തതായും റഷ്യ അറിയിച്ചു. എന്നാൽ യുക്രെയ്‌ന്റെ തിരിച്ചടിയിൽ ഖേഴ്‌സണും റഷ്യക്ക് നഷ്ടമായി. നിലവിൽ നൈപ്പർ നടിയോട് ചേർന്ന ക്രിമിയൻ ഭാഗത്താണ് റഷ്യൻ സേന കേന്ദ്രീകരിച്ചിരിക്കുന്നത്. അവിടെ നിന്നും യുക്രെയ്നിന്റെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യമാക്കിയുള്ള മിസൈൽ പ്രയോഗങ്ങളാണ് നിലവിൽ റഷ്യ നടത്തികൊണ്ടിരിക്കുന്നത്.
ചൈന - തായ്‌വാന്‍ തർക്കം
കാലങ്ങളായി നിലനിന്നിരുന്ന ചൈന - തായ്‌വാന്‍ തർക്കം യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങിയ വർഷമായിരുന്നു 2022.
തായ്‌വാന്റെ പരമാധികാരം സംബന്ധിച്ച് 1949 മുതൽ ചൈനയ്ക്കും തായ്‌വാനുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഏക ചൈന നയത്തെ അംഗീകരിക്കുന്നതായി വ്യക്തമാക്കുമ്പോഴും തായ്‌വാനെ പിന്തുണയ്ക്കുന്ന നിലപാടാണ് എക്കാലവും അമേരിക്ക കൈക്കൊണ്ടുവന്നത്. അത് 2022ല്‍ പാരമ്യത്തിലെത്തി. ഓഗസ്റ്റിലാണ് യുഎസ് സ്പീക്കർ നാൻസി പെലോസി ദ്വീപ് സന്ദർശിക്കുമെന്ന പ്രഖ്യാപനം വരുന്നത്. അതോടെ ചൈന നിലപാടുകൾ കടുപ്പിച്ചു. തീരുമാനം മാറ്റിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ് നൽകി.
തായ്‌വാന്റെ പരമാധികാരത്തെ അമേരിക്ക അംഗീകരിക്കുന്നതിന് തുല്യമായാണ് പെലോസിയുടെ സന്ദർശനത്തെ ചൈന കണ്ടത്. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ അമേരിക്ക തയ്യാറായില്ല, എന്ന് മാത്രമല്ല തായ്‌വാനിൽ കടന്നു കയറാൻ ചൈന ശ്രമിച്ചാൽ സൈന്യത്തെ ഉപയോഗിക്കുമെന്നും ബൈഡൻ പ്രതികരിച്ചു.ഇതോടെ യുദ്ധ സമാനാന്തരീക്ഷം ഉടലെടുത്തു.
എതിർപ്പുകൾക്കിടയിലും പെലോസി തായ്‌വാനിൽ എത്തിയത് ചൈനയെ കൂടുതൽ ചൊടിപ്പിച്ചു. തായ്‍വാന് ചുറ്റുമുള്ള കടലുകളിലും വ്യോമാതിർത്തിയിലും ചൈന പുതിയ സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചു. മിസൈലുകൾ പരീക്ഷിച്ചു. നാവിക സേനയുടെ രണ്ട് കപ്പലുകൾ ഈ വഴി കടന്നു പോകുമെന്ന് അമേരിക്ക അറിയിച്ചതോടെ മേഖല കൂടുതൽ സംഘർഷഭരിതമായി. പെലോസിയുടെ സന്ദർശനത്തെ മറയാക്കി തായ്‌വാന്‍ കടലിടുക്കിൽ ചൈന പ്രകോപനങ്ങൾക്ക് തുടർന്ന് കൊണ്ടേയിരിക്കുന്നു.ഏറ്റവുമൊടുവില്‍ വാരാന്ത്യ സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈന തായ്‌വാനില്‍ 71 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി തായ്പേയ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തെക്ക് കിഴക്കൻ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള തായ്‌വാന്റെ പരമാധികാരം ഉറാപ്പിക്കുന്നതിലൂടെ പടിഞ്ഞാറൻ പസഫിക്കിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനാകും. ഇത് തന്നെയാണ് ചൈനയ്ക്കും അമേരിക്കയ്ക്കും തായ്‌വാനിലുള്ള താല്പര്യവും.കൂടാതെ ഗുവാം, ഹവായ് തുടങ്ങിയ ദ്വീപുകളിലെ അമേരിക്കൻ മിലിറ്ററി ബെയ്‌സുകളെ വരെ ഭീഷണിപ്പെടുത്താനും ചൈനയ്ക്കാകും.
തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥയും വളരെ പ്രധാനമാണ്. ലോകത്തിലെ ദൈനംദിന ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗവും - ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ, വാച്ചുകൾ, ഗെയിം കൺസോളുകൾ വരെ - തായ്‌വാനിൽ നിർമ്മിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ലോക വിപണിയിലെത്തുന്നവയില്‍ പകുതിയിലധികം ചിപ്പുകളും തായ്‌വാന്‍ നിര്‍മിതമാണ്.
രജപക്സെ കുടുംബവാഴ്ചയുടെ അന്ത്യം
ശ്രീലങ്കയിലെ അധികാരക്കസേരയിൽ വർഷങ്ങളോളം കടിച്ചുതൂങ്ങിയ കുടുംബ വാഴ്ചയുടെ അന്ത്യമായിരുന്നു 2022ലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ഭരണകൂടത്തിനോടുള്ള ജനങ്ങളുടെ മറുപടി.
രണ്ട് പതിറ്റാണ്ടോളം ശ്രീലങ്ക ഭരിച്ച രജപക്സെ കുടുംബം ജനകീയ പ്രക്ഷോഭത്തിൽ പുറത്തായി. പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് നാട് വിടേണ്ട അവസ്ഥ വരെ ഉണ്ടായി. പ്രതിശീര്‍ഷ വരുമാനത്തിലും മാനവ വികസന സൂചികയിലുമെല്ലാം ഇന്ത്യയേക്കാൾ മുന്നിൽ നിന്ന ശ്രീലങ്ക എന്ന ദ്വീപുരാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കാക്കിയത് രജപക്സെ കുടുംബത്തിന്റെ ഭരണപരിഷ്കാരങ്ങളായിരുന്നു.
പട്ടിണിയും വിലക്കയറ്റവും കൊണ്ട് പൊരുതി മുട്ടിയ ഒരു ജനതയുടെ രൂക്ഷ പ്രതികരണങ്ങളായിരുന്നു മാർച്ചിൽ ശ്രീലങ്കൻ തെരുവുകളിൽ കണ്ടത്. അഴിമതിയും അധികാര ദുർവിനിയോഗവും കൊണ്ട് ഒരു നാടിനെ മുഴുവൻ കടുത്ത പ്രതിസന്ധികളിലേക്ക് തള്ളി വിട്ട സർക്കാർ, ജനരോഷത്തിന്റെ ചൂട് ശരിക്കുമറിഞ്ഞു. വികസനത്തിന്റെ പാതയിലായിരുന്ന നാട്ടിൽ ആളുകൾ പട്ടിണി മൂലം പൊരുതി മുട്ടി, ഇന്ധന റേഷൻ ഏർപ്പെടുത്തേണ്ട ഗതി വന്നു.. ദിവസത്തിന്റെ ഭൂരിഭാഗവും പവർ ഇരുട്ടിലായി, അതുമൂലം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ അടച്ചിടേണ്ട ഗതി വന്നു. ശ്രീലങ്കയിലെ 10 കുടുംബങ്ങളിൽ ഒമ്പതും പട്ടിണിയിലാണെന്ന യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ടുകൾ വരെ പുറത്തു വന്നു.
മാർച്ചിൽ ആരംഭിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജി വെച്ചു. പകരക്കാരനായി റെനിൽ വിക്രമസിംഗെ എത്തി. അപ്പോഴും രാജിവെക്കാതെ തുടർന്ന പ്രസിഡന്റ് ഗോതബായയുടെ വസതി ജൂലൈ ഒൻപതിന് ജനങ്ങൾ വളഞ്ഞതോടെ അദ്ദേഹത്തിനും പുറത്തുപോകാതെ വഴിയില്ലെന്നായി. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതി കയ്യേറി. പ്രതിസന്ധികൾക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായി വിക്രമസിംഗെയും സ്ഥാനമൊഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിച്ചു. ദിനേശ് ഗുണവർധനെ പ്രധാനമന്ത്രിയും വിക്രമസിംഗെ പ്രസിഡന്റുമായി. എന്നിട്ടും ശ്രീലങ്ക ഇന്നും സാമ്പത്തിക- ഭക്ഷ്യ പ്രതിസന്ധിയിൽ തന്നെ തുടരുന്നു.
തലതിരിഞ്ഞ നയങ്ങള്‍
2020ലാണ് മുഴുവന്‍ കൃഷിയും ജൈവകൃഷിയാക്കി മാറ്റണമെന്ന ആശയം ശ്രീലങ്കന്‍ പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്നതോടെയാണ് ഭക്ഷ്യ- കാർഷിക പ്രതിസന്ധികൾ ശ്രീലങ്കയിൽ ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തേയ്ക്കുള്ള രാസവളത്തിന്റെ ഇറക്കുമതിയെല്ലാം നിരോധിച്ചു. തീരുമാനം കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. കമ്പോസ്റ്റ് വളങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യണമെന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം രൂപപ്പെടുന്ന ജൈവവളം മുഴുവന്‍ ഉപയോഗിച്ചാലും ശ്രീലങ്കയിലെ കൃഷിക്കാവശ്യമുള്ള കമ്പോസ്റ്റ് ലഭിക്കില്ല. ഈ കണക്കുകളെല്ലാം അറിഞ്ഞിട്ടും ഈ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ലോകത്ത് തേയില ഉല്‍പ്പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയായിരുന്നു. ജൈവവള പദ്ധതിയിലൂടെ കൃഷിയാകെ നശിച്ചു. 2019 ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോബാംക്രമണവും കോവിഡും രാജ്യത്തെ ടൂറിസം മേഖലയെയും തകര്‍ന്നു. ഈ സംഭവങ്ങള്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ ഇടിവുണ്ടാക്കി. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനത്തോളം ഇടിഞ്ഞു. അതോടെ, പണപ്പെരുപ്പം അനിയന്ത്രിതമായി. ഇറക്കുമതി ചെലവുകൾ കുത്തനെ ഉയർന്നു. മതിയായ വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ, ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. ഭക്ഷണ വിലയിൽ ഉള്‍പ്പെടെ ഇരട്ടിയോളം വര്‍ധനയുണ്ടായി.
രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ രജപക്സെ കുടുംബത്തിനും അവര്‍ നടത്തിയ അഴിമതിക്കുമെല്ലാമുള്ള പങ്ക് വളരെ വലുതായിരുന്നു. കടമെടുത്തു കഴിഞ്ഞാല്‍ തിരിച്ചടയ്ക്കാന്‍ പാകത്തിനുള്ള മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ അഴിമതിയുമാണ് പ്രതിസന്ധികളുടെ അടിസ്ഥാനം. കടമെടുത്ത തുകയെല്ലാം ചെലവഴിക്കുകയും, പിന്നീട് അത് വീട്ടാന്‍ വീണ്ടും കടമെടുക്കുന്ന അവസ്ഥയും ശ്രീലങ്കയിലുണ്ടായി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങൾക്കും ഒരു ഓർമ്മപ്പെടുത്തലായി ഇന്നും ശ്രീലങ്കയും പ്രതിസന്ധികളും അവശേഷിക്കുന്നു.
സ്ത്രീകള്‍, ജീവിതം,സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ ഭരണത്തിനെതിരെയുള്ള പോരാട്ടം.
ഇറാനിലെ ജനകീയ പ്രക്ഷോഭം
മതത്തെ ആയുധമാക്കി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള ഇറാൻ ജനതയുടെ സമരം 2022 കണ്ട ചെറുത്തുനില്‍പ്പുകളുടെ ഉദാഹരണമായി. ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. സ്ത്രീകള്‍, ജീവിതം,സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ ഭരണത്തിനെതിരെയുള്ള പോരാട്ടം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവരെല്ലാം പ്രക്ഷോഭങ്ങളുടെ ഭാഗമായി. അടിച്ചമർത്താൻ ക്രൂരമായ മാർഗങ്ങൾ ഭരണകൂടം പുറത്തെടുത്തെങ്കിലും ജനങ്ങൾ ഇന്നും അതിശക്തമായി തെരുവുകളിൽ പ്രതിഷേധം തുടരുന്നു.
ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട വലിയ പ്രക്ഷോഭം
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്. എതിർപ്പുകളുടെ ഫലമായി മത പോലീസ് പിരിച്ചുവിടുകയും ഹിജാബ് നിയമങ്ങൾ പരിശോധിക്കാനും ഇറാൻ സർക്കാർ നിർബന്ധിതരായി. ലോകം ഇറാനി ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം, രാജ്യത്ത് നടക്കുന്നത് അമേരിക്കയുടെ മറ്റ് വിദ്വംസക ശക്തികളുടെയും ഇടപെടലിന്റെ ഭാഗമാണെന്നായിരുന്നു പരമോന്നത നേതാവടക്കം പ്രതികരിച്ചത്. പ്രക്ഷോഭം അമർച്ച ചെയ്യാൻ പൊതുമധ്യത്തിൽ വധ ശിക്ഷ വരെ ഭരണകൂടം നടപ്പാക്കി. അടിച്ചമർത്തലിന്റെ ഭാഗമായി 69 കുട്ടികളടക്കം 500 പ്രതിഷേധകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ലോകപ്രശസ്ത ഇറാനി അഭിനേത്രി തരാനെ അലിദോസ്തി അടക്കം സമരത്തോടൊപ്പം നിന്ന പലരും ഇന്ന് തടവിലാണ്. എന്നിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിജാബ് കത്തിക്കലുമായി പ്രക്ഷോഭം ദിനംപ്രതി പൂർവാധികം ശക്തിയോടെ തുടരുകയാണ്.
ലോകപ്രശസ്ത ഇറാനി അഭിനേത്രി തരാനെ അലിദോസ്തി അടക്കം സമരത്തോടൊപ്പം നിന്ന പലരും ഇന്ന് തടവിലാണ്. എന്നിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിജാബ് കത്തിക്കലുമായി പ്രക്ഷോഭം ദിനംപ്രതി പൂർവാധികം ശക്തിയോടെ തുടരുകയാണ്.
ചൈനയും സീറോ കോവിഡ് നയവും
ലോകം 2022ൽ കണ്ട മറ്റൊരു ജനകീയ പ്രക്ഷോഭമായിരുന്നു നവംബർ അവസാനത്തോടെ ചൈനയിൽ കണ്ടത്. 2019ൽ കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ചൈനീസ് സർക്കാർ സ്വീകരിച്ച സീറോ കോവിഡ് നയം കാരണം പൊറുതിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങി.
മൂന്നാമതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തെത്തിയ ഷി ജിൻപിങിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ച ദിവസങ്ങളായിയിരുന്നു കടന്നു പോയത്. സിൻജിയാങ് മേഖലയിലെ വംശീയ കലാപവേദിയായ ഉറുംഗിയിലെ അപ്പാർട്മെന്റ് ബ്ലോക്കിൽ നടന്ന തീപിടിത്തത്തിന് ശേഷമാണ് പ്രതിഷേധങ്ങൾ ശക്തമായത്. 22 നഗരങ്ങളിൽ പ്രതിഷേധക്കാർ നിയമം ലംഘിച്ച് തെരുവിലിറങ്ങി.
പ്രതിഷേധത്തെ പിന്തുണച്ച് വിദേശരാജ്യങ്ങളിലുള്ള ചൈനീസ് വംശജരും പ്രചാരണം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഒടുവിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.