WORLD

പെറുവില്‍ 3000 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തി ഗവേഷകർ

വെബ് ഡെസ്ക്

ചപ്പുചവറുകൾക്കിടയിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള മമ്മി കണ്ടെത്തി ​ഗവേഷകർ. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്നാണ് ഏകദേശം 3,000 വർഷം പഴക്കമുള്ള മമ്മി പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ഖനനത്തിനിടെ സാൻ മാർക്കോസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ തലയോട്ടിയും മുടിയുടെ ശകലങ്ങളുമാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മമ്മിയാണെന്ന് വ്യക്തമാകുന്നത്. തിരച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് പരിസരത്ത് നിന്ന് എട്ട് ടൺ ചപ്പുചവറുകൾ നീക്കം ചെയ്തതായി ഗവേഷകർ പറയുന്നു.

ബിസി 1500നും 1000നും ഇടയിൽ ലിമയുടെ താഴ്‌വരകളിൽ ജീവിച്ചിരുന്ന മഞ്ചയ് സംസ്കാരത്തിലുളള വ്യക്തിയുടേതാകാം ശരീരമെന്നാണ് പുരാവസ്തു ഗവേഷകൻ മിഗ്വൽ അഗ്വിലാർ ​പറയുന്നത്. ഉദയസൂര്യനെ ലക്ഷ്യമാക്കി യു(U) ആകൃതിയിലുള്ള ക്ഷേത്രങ്ങൾ നിർമിക്കുന്നതിന് പേരുകേട്ടവരാണ് ഈ വിഭാഗക്കാർ. ഇത്തരത്തിലുള്ള ക്ഷേത്രത്തിന്റെ മധ്യഭാഗത്തുള്ള ഒരു ശവകുടീരത്തിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്.

ക്ഷേത്ര നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ ഈ വ്യക്തി ബലികൊടുക്കപ്പെട്ടതാകാനാണ് സാധ്യതയെന്ന് മിഗ്വേൽ അഗ്വിലാർ പറയുന്നു. മൃതദേഹത്തോടൊപ്പം ധാന്യം, കൊക്കോ ഇലകൾ, വിത്തുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കുഴിച്ചിട്ടിരുന്നതായി ഗവേഷകർ കണ്ടെത്തി. ഇവ ബലികൊടുക്കലിന്റെ ഭാഗമാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

പലതരം സംസ്കാരത്തിലുള്ളവരും സ്പാനിഷ് അധിനിവേശത്തിന് മുൻപുള്ള കാലത്ത് പെറുവിൽ മമ്മിഫിക്കേഷൻ നടത്തിയിരുന്നതായി പറയപ്പെടുന്നു. ചില മമ്മികളെ ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ ആകൃതിയിൽ സംസ്കരിച്ചിരുന്നു. മറ്റു ചിലത് പ്രധാന വിശേഷ വേളകളിൽ പുറത്തെടുത്ത് പരേഡ് നടത്തിയിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം