യാത്രക്കാരൻ അബദ്ധത്തിൽ ഫ്ലൈറ്റ് ഡെക്കിന്റെ വാതിൽ അടച്ചതിനെ തുടർന്ന് കോക്ക്പിറ്റിന്റെ ജനലിലൂടെ വിമാനത്തിലേക്ക് ചാടിക്കയറുന്ന പൈലറ്റിന്റെ ഫോട്ടോ വൈറൽ. അമേരിക്കയിലെ സാൻ ഡീഗോ ഇന്റർനാഷണൽ എയർപോർട്ടില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
എല്ലാവരും കയറിയെന്ന് കരുതി ഒരു യാത്രക്കാരൻ വിമാനത്തിന്റെ കോക്പിറ്റിലേക്കുള്ള വാതിൽ അടച്ചതിന് ശേഷമാണ് പൈലറ്റ് കയറിയിട്ടില്ലെന്ന കാര്യം മനസിലാകുന്നത്. അതോടെ ഡോർ തുറക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വന്നപ്പോഴാണ് പൈലറ്റ് സാഹസത്തിന് മുതിർന്നത്. മൊബൈൽ ബോർഡിങ് കോണിപ്പടിയുടെ സഹായത്തോടെ കോക്ക്പിറ്റിലെ ചെറുതും ചതുരാകൃതിയിലുള്ള വിൻഡോയിലൂടെ ഒടുവിൽ പൈലറ്റ് നുഴഞ്ഞ് കയറി വാതിൽ തുറക്കുകയായിരുന്നു.
സക്രമെന്റോയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. മാക്സ് റെക്സ്റോഡ് എന്ന യാത്രക്കാരനാണ് ചിത്രം തന്റെ ഫോണിൽ പകർത്തിയത്. സാൻ ഡിയാഗോയിൽ നിന്ന് സക്രമെന്റോയിലേക്കുള്ള വിമാനത്തിൽ കയറാൻ തയ്യാറെടുക്കുമ്പോഴാണ് മാക്സിന്റെ കണ്ണിൽ രസകരമായ ഈ സംഭവം പെട്ടത്. ചിത്രം നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
'തമാശയല്ല, ഇനി ആരും കയറാനില്ലെന്ന് കരുതി അവസാന യാത്രക്കാരൻ വാതിൽ അടച്ചു. വാതിൽ തുറക്കാനായി പൈലറ്റിന് കോക്പിറ്റ് ജനലിലൂടെ ഇഴഞ്ഞു കയറേണ്ടി വന്നു. അതുകൊണ്ട് ഇനി നമുക്കും കയറാം' എന്ന അടിക്കുറിപ്പോടെയാണ് മാക്സ് ഫോട്ടോ പങ്കുവെച്ചത്.
'ബോർഡിംഗ് പ്രക്രിയകൾ നടക്കുന്നതിനിടെ യാത്രക്കാരും ഫ്‌ളൈറ്റ് അറ്റൻഡന്റുമാരും കയറിക്കഴിഞ്ഞപ്പോൾ ഒരു യാത്രക്കാരൻ മുൻവശത്തെ ഡോർ തുറന്ന് അശ്രദ്ധമായി ഫ്‌ളൈറ്റ് ഡെക്കിന്റെ വാതിൽ അടച്ചു. പൈലറ്റ് കയറാൻ തയ്യാറെടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കോക്ക്പിറ്റിലൂടെ കയറിയ പൈലറ്റ് വാതിൽ തുറന്നു. ഷെഡ്യൂൾ ചെയ്തതുപോലെ ഫ്‌ളൈറ്റ് പുറപ്പെട്ടു' എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.