യുക്രെയ്‌നെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍നിന്ന് റഷ്യയെ പിന്തിരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലും വിവിധ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളുമെന്ന സൂചനയുമായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്ളാഡിമിർ പുടിന് തുടർച്ചയായ തിരിച്ചടികളുണ്ടായപ്പോള്‍ യുക്രെയ്‌നില്‍ ആണാവാക്രമ സാധ്യതയുണ്ടായിരുന്നെന്നും ഇതിനായി അമേരിക്ക തയാറെടുത്തിരുന്നെന്നും റിപ്പോർട്ട് പറയുന്നു. മോദിയുടെയും ചൈനയുടെയും ഇടപെടലാകാം പുടിനെ പിന്തിരിപ്പിച്ചതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് അവകാശപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റേയും ഇടപെടലും പൊതുപ്രസ്താവനകളുമാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രെയ്‌ന്‍ സൈന്യം ഖേർസണിലെത്തിയതോടെ മുഴുവന്‍ റഷ്യന്‍ യൂണിറ്റും വളയപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഖേർസണിലെ തിരിച്ചടിയാകാം ആണാവയുധ പ്രയോഗമെന്ന ആശയത്തിലേക്ക് റഷ്യയെ നയിച്ചതെന്നും അമേരിക്കന്‍ ഭരണകൂടം കരുതുന്നു.
ആണവായുധപ്രയോഗം തടയുന്നതിനായി അമേരിക്ക സഖ്യകക്ഷികളല്ലാത്ത രാജ്യങ്ങളുടേതടക്കം പിന്തുണ തേടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞങ്ങള്‍ ചെയ്ത ഒരു കാര്യം, മറ്റ് രാജ്യങ്ങള്‍ക്ക് നേരിട്ട് സന്ദേശം അയക്കുക മാത്രമല്ല, അവരെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു. അവർക്ക് ബന്ധമുള്ള രാജ്യങ്ങളെ സമാനായി സമീപിക്കാനും പ്രോത്സാഹിപ്പിച്ചു, അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇന്ത്യയും ചൈനയും മറ്റ് രാജ്യങ്ങളും ഇടപെട്ടു, ഇത് റഷ്യയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്‌ന്‍ സംഘർഷം അതിരൂക്ഷമായിരുന്ന സമയത്ത് സാധാരണക്കാരുടെ കൊലപാതകത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. 2022 സെപ്തംബറില്‍ ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പുടിനോട് ഉസ്ബെക്കിസ്താനില്‍ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ മോദി പറഞ്ഞിരുന്നു.