WORLD

സമവായത്തിലെത്തി പിഎംഎൽ-എന്നും പിപിപിയും, പാകിസ്താനിൽ സർക്കാർ രൂപീകരണം; ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും

പാകിസ്താന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു

വെബ് ഡെസ്ക്

പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് എന്നും (പിഎംഎല്‍-എന്‍) ബിലാവല്‍ ഭൂട്ടൊയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയും (പിപിപി) സർക്കാർ രൂപീകരണത്തിന് സമവായത്തിലെത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഷെരീഫിന്റെ പിഎംഎല്‍-എന്നിനെ സഹായിക്കുമെന്ന് ബിലാവല്‍ ഭൂട്ടൊ അറിയിച്ചു. 2022ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി അധികാരത്തിലേറിയ സഖ്യത്തില്‍ ഇരുപാർട്ടികളുമുണ്ടായിരുന്നു.

പാകിസ്താന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. പിഎംഎല്‍-എന്നും തന്റെ പാർട്ടിയും തിരഞ്ഞെടുപ്പില്‍ എതിരാളികളായിരുന്നെങ്കിലും രാജ്യതാല്‍പ്പര്യത്തിനായി ഒന്നിക്കുകയാണെന്ന് പിപിപി നേതാവ് ആസിഫ് അലി സർദാരി പറഞ്ഞു. എല്ലാ കാലവും എതിരാളികളായി ഇരിക്കേണ്ടതില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

പിഎംഎല്‍-എന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് രാഷ്ട്രീയ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഇരുപാർട്ടികളും സഹകരിക്കാന്‍ തയാറായതായി പ്രസ്താവനയിലൂടെയാണ് പാർട്ടി അറിയിച്ചിരിക്കുന്നത്.

നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 266 സീറ്റുകളില്‍ 93 എണ്ണവും പിടിഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരാണ് നേടിയത്. പിഎംഎല്‍-എന്‍ 75 സീറ്റുകളിലാണ് വിജയിച്ചത്, പിപിപി 54 സീറ്റുകളിലും.

70 സംവരണസീറ്റുകളില്‍ നിന്നും പാർട്ടികള്‍ക്ക് പിന്തുണ നേടാനാകും. എന്നാല്‍ സ്വതന്ത്രർക്ക് ഇതിന് സാധിക്കില്ല. അതേസമയം, പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് എത്തിയേക്കില്ലെന്നും സൂചനയുണ്ട്. പകരം നവാസ് ഷെരീഫ് സഹോദരനും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷെരീഫിന്റെ പേര് നിർദേശിച്ചതായി പാർട്ടിയുടെ ഇന്‍ഫർമേഷന്‍ സെക്രട്ടറിയായ മറിയും ഔറംഗസേബ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം മറിയം നവാസിനായിരിക്കുമെന്നും ഔറംഗസേബ് അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും. "മോഷ്ടിച്ച വോട്ടുകളുമായി സർക്കാർ രൂപീകരിക്കാനുള്ള സാഹസികതയ്ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പകല്‍ക്കൊള്ള ജനങ്ങളോടുള്ള അനാദരവ് മാത്രമല്ല, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ തളർച്ചയിലേക്ക് തള്ളിവിടുകയും ചെയ്യും," ഇമ്രാന്‍ പറഞ്ഞു.

സംഘർഷങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും സാക്ഷിയായതിന് ശേഷം ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളും അന്ന് റദ്ദാക്കിയിരിക്കുന്നു. സംഘർഷ സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് താത്കാലിക നടപടിയെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം